പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മുൻപ് തൃണമൂല്‍ വിജയിച്ചിരുന്ന 31 സീറ്റുകളില്‍ ഇത്തവണത്തെ തോല്‍വിക്ക് കാരണം ഈ വോട്ടർമാരുടെ കുറവാണെന്ന് പാർട്ടി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാണ്‍ ബാനർജി കോടതിയില്‍ വാദിച്ചു. 31 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടർമാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാർത്ഥി 862 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ അവിടെ 5,000-ത്തിലധികം പേരെയാണ് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

Advertisements

ഒഴിവാക്കലിനെതിരെ നല്‍കിയ 35 ലക്ഷത്തിലധികം അപേക്ഷകള്‍ ഇപ്പോഴും തീർപ്പാക്കാതെ ഇരിക്കുകയാണ്. തൃണമൂലും ബിജെപിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണെന്നിരിക്കെ, ഈ അപേക്ഷകള്‍ ഫലത്തെ മാറ്റിമറിക്കാൻ പോന്നതാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ വേഗതയില്‍ ഈ അപേക്ഷകള്‍ തീർപ്പാക്കാൻ നാല് വർഷമെടുക്കുമെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. എന്നാല്‍ തൃണമൂലിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടർമാരെ ഏറ്റവും കൂടുതല്‍ ഒഴിവാക്കിയ മാള്‍ഡ, മുർഷിദാബാദ് മേഖലകളിലെ മണ്ഡലങ്ങളില്‍ പോലും തൃണമൂലാണ് വിജയിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സുജാപൂർ (1.50 ലക്ഷം ഒഴിവാക്കല്‍), രഘുനാഥ്ഗഞ്ച് (1.30 ലക്ഷം) തുടങ്ങി ഏറ്റവും കൂടുതല്‍ പേർ പട്ടികയ്ക്ക് പുറത്തായ അഞ്ച് മണ്ഡലങ്ങളിലും തൃണമൂല്‍ തന്നെയാണ് ജയിച്ചതെന്ന് ഇസി കോടതിയെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗാളിലെ 294 സീറ്റുകളില്‍ 207 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. വോട്ടർ പട്ടിക പുതുക്കലും ‘അനധികൃത കുടിയേറ്റം’ എന്ന വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ ചർച്ചയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Hot Topics

Related Articles