ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം ഉമ്മന്‍ചാണ്ടി സാറിന്റെ അഭാവമാണെന്ന് സന്ദര്‍ശനശേഷം സിദ്ദിഖ് പറഞ്ഞു. 2021-ല്‍ കല്‍പ്പറ്റയില്‍ ആദ്യമായി മത്സരിക്കാനെത്തുമ്പോള്‍ വോട്ടഭ്യര്‍ഥിക്കാനായി ഉമ്മന്‍ചാണ്ടി സാര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസവും വാത്സല്യവുമാണ് ഇപ്പോള്‍ ഇവിടെ വരെ എത്തിച്ചതെന്ന് സിദ്ദിഖ് പറഞ്ഞു. മുന്നോട്ടുള്ള യാത്രകളില്‍ ആ വലിയ മനുഷ്യന്‍ നല്‍കിയ സുരക്ഷിതത്വം ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. നേതാവ് എന്നതിനപ്പുറം ഒരു പിതാവ് മകനോട് കാണിക്കുന്ന ഹൃദയവാത്സല്യമായിരുന്നു അദ്ദേഹത്തില്‍ നിന്നും അനുഭവിച്ചത്. ഉമ്മന്‍ചാണ്ടി സാര്‍ പഠിപ്പിച്ചുനല്‍കിയ രാഷ്ട്രീയപാഠങ്ങളും, ജനപക്ഷ രാഷ്ട്രീയവുമാണ് എന്നും മുതല്‍ക്കൂട്ടായുള്ളത്. ഭൗതികമായി കൂടെയില്ലെങ്കിലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏത് പ്രതിസന്ധിഘട്ടത്തെയും മറികടന്ന് മുന്നോട്ടു പോകാന്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസമാണ് എപ്പോഴും കൂടെയുള്ളതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. നാട്ടകം സുരേഷ് എം എല്‍ എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പുതുപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഗിരീഷ്, പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സാം, കുഞ്ഞു പുതുശേരി, ബാബു കെ കോര, വി വി ഗിരീഷ്, എ കെ രാജു, സാബു പുതുപ്പറമ്പില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisements

ക്യാപ്ഷന്‍
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മന്ത്രി അഡ്വ. ടി സിദ്ദിഖ് പ്രാര്‍ഥിക്കുന്നു

Hot Topics

Related Articles