വാഷിങ്ങ്ടൺ : യുഎസ് – ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത ഏതാനും മണിക്കൂറുകളില്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ലോകത്തിന് ഇതൊരു ശുഭവാർത്തയാണെന്ന് റൂബിയോ വിശേഷിപ്പിച്ചു. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം അറിയിച്ചത്. യുഎസ് – ഇറാൻ സമാധാന കരാർ ഉടൻ അന്തിമമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാർത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായി മാർക്കോ റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ പുതിയ സമാധാന കരാറിലൂടെ പരിഹരിക്കപ്പെടുമെന്നും മാർക്കോ റൂബിയോ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി സംസാരിച്ചുവെന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. കരാറിന്റെ അവസാന വശങ്ങളും വിശദാംശങ്ങള്‍ സംബന്ധിച്ച ചർച്ച നടക്കുകയാണെന്ന് അറിയിച്ച ട്രംപ്, കരാർ ഉടൻ അന്തിമമാക്കി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരാറനുസരിച്ച് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവിലെ വെടിനിർത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നത് ഉള്‍പ്പെടെ കരാറില്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ട്രംപിൻ്റെ അവകാശവാദം തള്ളിയ ഇറാൻ, ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് തങ്ങള്‍ തന്നെ തുടരുമെന്ന് അറിയിച്ചു. യുദ്ധത്തിന് മുൻപത്തെ സാഹചര്യം ഹോർമുസില്‍ അനുവദിക്കാനാണ് ഇറാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ട്. ഇറാൻ ആണവായുധം ഉണ്ടാക്കില്ലെന്ന് അമേരിക്ക പറയുമ്പോള്‍, ഇക്കാര്യം ഇറാൻ തള്ളിയിട്ടില്ല. എന്നാല്‍ യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതി നിർത്തിവെക്കാനും ഇറാൻ സമ്മതിച്ചിട്ടില്ല.


