Vഇൻഡോർ: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിച്ച് തുടർച്ചയായ രണ്ടാം ഐപിഎല്‍ കിരീടം ചൂടിയതിന് പിന്നാലെ പുതിയ ദൗത്യത്തിനൊരുങ്ങി ക്രിക്കറ്റ് താരം രജത് പടിദാർ. ഈ സീസണില്‍ ബാറ്റർ എന്ന നിലയില്‍ 500ലധികം റണ്‍സ് കൂട്ടിച്ചേർത്ത താരം, രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കും ശേഷം തുടർച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന ക്യാപ്ടൻ എന്ന അപൂർവ്വ റെക്കാഡും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ആർസിബിക്കായി തകർപ്പൻ പ്രകടനമാണ് പടിദാർ പുറത്തെടുത്തത്. ഇപ്പോഴിതാ തന്റെ സ്വന്തം തട്ടകമായ മദ്ധ്യപ്രദേശ് ലീഗ് ട്വന്റി-20 സിന്ധ്യ കപ്പില്‍ ഗ്വാളിയോർ ചീറ്റാസ് ടീമിനെ നയിക്കാനൊരുങ്ങുകയാണ് താരം.
2025 സീസണില്‍ സെമിഫൈനല്‍ വരെ എത്തിയെങ്കിലും നേരിയ വ്യത്യാസത്തിലാണ് ഗ്വാളിയോർ ചീറ്റാസിന് ഫൈനല്‍ നഷ്ടമായത്. ഇത്തവണ പടിദാറിന്റെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നാളെ ഇൻഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഉജ്ജയിൻ ഫാല്ക്കണ്സിനെതിരെയാണ് ചീറ്റാസ് തങ്ങളുടെ 2026ലെ കാമ്പെയ്ൻ ആരംഭിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം മാധവ് തിവാരിയാണ് ഉജ്ജയിൻ ടീമിനെ നയിക്കുന്നത്. മദ്ധ്യപ്രദേശിന് ചരിത്രപരമായ രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ച പടിദാറിന്റെ വരവ് ടീമിലെ യുവതാരങ്ങള്‍ക്കും കരുത്ത് പകരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ലക്ഷ്യം കിരീടം മാത്രം’
‘സ്വന്തം നാട്ടില്‍ മടങ്ങിയെത്തി ക്രിക്കറ്റ് കളിക്കുക എപ്പോഴും പ്രത്യേക അനുഭവമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ മറക്കാനാകാത്തതായിരുന്നു, എന്നാല്‍ ഓരോ പുതിയ ടൂർണമെന്റും പുതിയ വെല്ലുവിളികളാണ് നല്‍കുന്നത്. എംപിഎല്‍ സംസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് വലിയൊരു വേദിയാണ്. മികച്ച രീതിയില്‍ ക്രിക്കറ്റ് കളിച്ച് ഇത്തവണ കിരീടം സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ പടിദാർ വ്യക്തമാക്കി.


