പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന; തർക്കം പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന.പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡല്‍ പിളർപ്പാണ് ബംഗാളില്‍ നടക്കാൻ പോകുന്നതെന്ന് സസ്പെൻഷനിലായ തൃണമൂല്‍ നേതാവ് റിജു ദത്ത പറഞ്ഞു. 80 എംഎല്‍എമാരില്‍ 50 പേരുടെ പിന്തുണയോടെ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമത വിഭാഗം നീക്കം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Advertisements

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ച്‌ റിതബ്രത ബാനർജിയെയും മറ്റൊരു എംഎല്‍എയായ സന്ദീപൻ സാഹയെയും തിങ്കളാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നില്‍ അവകാശപ്പെടുമെന്ന് റിജു ദത്ത പറഞ്ഞു. ആകെ 80 തൃണമൂല്‍ എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു പേരുടെയും പിന്തുണയുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. നേതാക്കളുടെ ദേഷ്യം മമതയ്ക്ക് എതിരെയല്ല, പാർട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയാണെന്നാണ് വിമത നേതാക്കള്‍ പറയുന്നത്. ഞായറാഴ്ച മമത ബാനർജിയുടെ വസതിയില്‍ വിളിച്ചു ചേർത്ത യോഗത്തില്‍ ടിഎംസിയുടെ 80 എംഎല്‍എമാരില്‍ 60 പേരും പങ്കെടുത്തില്ല. അസംതൃപ്തരായ ടിഎംസി എംഎല്‍എമാരെ ഒപ്പം നിർത്താനും പാർട്ടി പിളർപ്പില്‍ എത്താതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് മമത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാജ ഒപ്പ് ആരോപണം

ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്ത് സ്പീക്കർക്ക് അയച്ച കത്തില്‍ ചില ടിഎംസി എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. തൃണമൂല്‍ എംഎല്‍എമാരായ റിതബ്രത ബാനർജിയുടെയും സന്ദീപൻ സാഹയുടെയും പേരുകള്‍ സുവേന്ദു അധികാരി എടുത്തുപറഞ്ഞു. തങ്ങളുടെ വ്യാജ ഒപ്പിട്ടതായി ഇരുവർക്കും പരാതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

രണ്ട് എംഎല്‍എമാരെയും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി. അഭിഷേക് ബാനർജിയാണ് വ്യാജ ഒപ്പിന് പിന്നിലെന്ന് സന്ദീപൻ സാഹ കുറ്റപ്പെടുത്തി. ബംഗാള്‍ സിഐഡി ഒപ്പ് വ്യാജമായി ചമച്ച കേസ് അന്വേഷിച്ചുവരികയാണ്. കേസില്‍ നിരവധി തൃണമൂല്‍ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അഭിഷേക് ബാനർജിക്കും സമൻസ് അയച്ചു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂലില്‍ അസ്വാരസ്യം രൂക്ഷമാവുകയാണ്. അവസാനം ഈ പാർട്ടിയില്‍ അമ്മായിയും അനന്തരവനും (മമത ബാനർജിയും അഭിഷേക് ബാനർജിയും) മാത്രമേ അവശേഷിക്കൂവെന്നും മറ്റെല്ലാ നേതാക്കളും പാർട്ടി വിടുമെന്നും മന്ത്രി ദിലീപ് ഘോഷ് പരിഹസിച്ചു.

Hot Topics

Related Articles