അമരാവതി: ആന്ധ്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയില്‍ സീറ്റ് വിഭജനം പൂർത്തിയായതായി റിപ്പോർട്ട്. ബിജെപിക്ക് ചന്ദ്രബാബു നായിഡു സീറ്റ് നല്‍കിയില്ലെന്നാണ് വിവരം. മൂന്ന് സീറ്റിലും ടിഡിപി തന്നെ മത്സരിക്കുന്നതിനാണ് തീരുമാനം. ജനസേന പാർട്ടിക്ക് ഒരു സീറ്റ് നല്‍കും. സീറ്റ് നല്‍കുന്നതോടെ പാർട്ടി രാജ്യസഭയില്‍ ആദ്യമായി എത്തും. വൈഎസ്‌ആർസിപിയുടെ മൂന്നും ടിഡിപിയുടെ ഒരു എംപിയുടെയും കാലാവധിയാണ് അവസാനിച്ചത്.
കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിരാശ. രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചില്ല. മധ്യപ്രദേശില്‍ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ ബി ജെ പി വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റില്‍ കുര്യന്‍റെ പേരില്ല. നിലവിലെ കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെയാണ് കുര്യനെ മധ്യപ്രദേശില്‍ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ കുര്യന്‍റെ മന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. രാജ്യ സഭ തെരഞ്ഞെടുപ്പ് ജൂണ്‍ പതിനെട്ടിനാണ് നടക്കുക. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലും, രണ്ടിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. 18 ന് തന്നെ ഫലം പ്രഖ്യാപിക്കും.


