ലോസ്ഏഞ്ചല്‍സ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോള്‍ വിജയവുമായി സ്വിറ്റ്സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട, പൂർണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തില്‍ കാഴ്ചവച്ചത്. മത്സരം അവസാനത്തോടടുക്കുമ്പോള്‍ ബോസ്നിയ പൊരുതിനോക്കിയെങ്കിലും അവസാന വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ എഴുപത്തിനാലാമ മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ബോസ്നിയൻ കോർട്ടിലേക്ക് ക്രോസ് ചെയ്ത ഗോള്‍ പ്രതിരോധനിരക്കാർ ക്ലിയർ ചെയ്തെങ്കിലും മനോഹരമായ ഒരു വോളിയിലൂടെ ജൊഹാൻ മൻസംബി സ്വിസ്സിന് വേണ്ടി വലയിലെത്തിച്ചു. എണ്പത്തിനാലാം മിനിറ്റില്‍ റൂബൻ വർഗാസ് ടീമിന് വേണ്ടി രണ്ടാം ഗോള്‍ തികച്ചു. തൊണ്ണൂറാം മിനിറ്റില്‍ ടീമിന് വേണ്ടി തന്റെ രണ്ടാം ഗോളും മികച്ചൊരു ഫിനിഷിങ്ങിലൂടെ ജൊഹാൻ മൻസംബി പൂർത്തിയാക്കി. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും വലയിലെത്തിച്ചു. എക്സ്ട്രാ ടൈമില്‍ തന്നെയാണ് ബോസ്നിയയുടെ ഗോളും പിറന്നത്. മനോഹരമായൊരു ലോങ്ങ് റേഞ്ചർ വോളിയിലൂടെ എർമിൻ മഹ്മിക് ആണ് ബോസ്നിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം വാൻകൂവറില്‍ അരങ്ങേറിയ കാനഡ- ഖത്തർ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ആതിഥേയരായ കാനഡ വിജയിച്ചത്. കാനഡയുടെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു ഇന്നത്തെ വിജയം. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ് കാനഡയുടെ വിജയം. മെസിക്ക് ശേഷം ഈ ടൂർണമെന്റില്‍ ഹാട്രിക് നേടുന്ന രണ്ടാം താരം കൂടിയാണ് ജോനാഥൻ ഡേവിഡ്.
കൈല്‍ ലാറിൻ ആയിരുന്നു മറ്റൊരു ഗോള കാനഡയ്ക്ക് വേണ്ടി നേടിയത്. ഏഴുപത്തിയഞ്ചാം മിനിറ്റില്‍ ഖത്തറിന്റെ മുഹമ്മദ് മാനായി സെല്‍ഫ് ഗോള്‍ വഴങ്ങിയതും ഏഷ്യൻ പ്രതീക്ഷകളായിരുന്ന ഖത്തറിന് വിനയായി. മത്സരത്തില്‍ കാനഡയുടെ പൂർണമായ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്. തുടർച്ചയായ ആക്രമണങ്ങളും ക്രോസുകളും കൊണ്ട് ഖത്തർ ബോക്സില്‍ നിറഞ്ഞുനില്ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ജയത്തോടെ ഗ്രൂപ് ബിയില്‍ സ്വിറ്റ്സർലാൻഡും, കാനഡയും തങ്ങളുടെ നോക്ക്ഔട്ട് സാധ്യതകള്‍ നിലനിർത്തി.


