പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു : കേണലടക്കം 17 സൈനികർക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസ് എടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സൈനികർക്കെതിരെ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ റൈഫിള്‍സ് കമാൻഡിംഗ് ഓഫീസറായ കേണലടക്കം 17 സൈനികർക്കെതിരായാണ് ജമ്മു കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisements

രാഷ്ട്രീയ റൈഫിള്‍സ് കമാൻഡിംഗ് ഓഫീസർ കേണല്‍ എൻ. അരുണ്‍ ഗാന്ധി, മേജർ വികാസ് ശർമ്മ, സുബേദാർ ശങ്കർ ഗുർഖെ, രാജ് കുമാർ, സിപോയ് രാഹുല്‍ കുമാർ, അനൂപ് സിംഗ്, ഓംകാർ ഇംഗാലെ എന്നിവർക്കും കണ്ടാലറിയാവുന്ന നാല്‍പ്പതോളെ സൈനികർക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായതെന്നും, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റു ജവാൻമാരെ കണ്ടെത്തുമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കല്‍, അതിക്രമിച്ച്‌ കടക്കല്‍, മനപൂർവ്വം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി സർക്കാർ ജീവനക്കാരെ ആക്രമിക്കല്‍, വധശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, പ്രതിരോധ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കേണല്‍ സുനീല്‍ ഭരത്വാല്‍ സംഭവത്തില്‍ പ്രസ്താവന പുറത്തിറക്കി. വിഷയം പരിശോധിച്ചു വരികയാണ്. നിയമപരമായ നടപടികളോട് ഇന്ത്യൻ സൈന്യം പൂർണ്ണമായി സഹകരിക്കും. സംയുക്ത അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകില്ലെന്ന് പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനവ്യൂഹം ജില്ലയിലെ ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുമ്പോഴാണ് തർക്കങ്ങളുടെ തുടക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. എതിർദിശയില്‍ നിന്ന് വന്ന സൈനിക വാഹനത്തോട് വശത്തേക്ക് മാറിത്തരാൻ ആവശ്യപ്പെട്ടത് ഇരുവിഭാഗവും തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായി. ഇതിനെത്തുടർന്ന് പൊലീസ് സൈനിക വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, പിന്നാലെ സൈനികർ സ്റ്റേഷൻ പരിസരം ആക്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ലാത്തികള്‍, ഇരുമ്പ് വടികള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയുമായി എത്തിയ സംഘം പ്രധാന കവാടവും അതിർത്തി മതിലുകളും ബലമായി മറികടന്ന് അത്തോലി പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് അതിക്രമിച്ച്‌ കടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എസ്‌എച്ച്‌ഒ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, അദ്ദേഹത്തെയും സൈനികർ ആക്രമിച്ചതായി പരാതിയിലുണ്ട്.

Hot Topics

Related Articles