മലപ്പുറം: വീടിന്റെ ടെറസിന് മുകളില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുളിക്കല്‍ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടില്‍ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. പുളിക്കല്‍ എഎംഎം ഹെെസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മേയ് 31നായിരുന്നു അപകടം നടന്നത്.
വീടിന് മുകളില്‍നിന്നും കാല്‍ തെന്നി വീണത് മുറ്റത്തെ ഗേറ്റിന് മുകളിലായിരുന്നു. ഗേറ്റിലെ കമ്പി കഴുത്തില്‍ തുളച്ചുകയറിയിരുന്നു. ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് ആംബുലൻസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കമ്പികള്‍ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി. ശേഷം ചികിത്സയില്‍ കഴിയുകയായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സിയാംകണ്ടം പുത്തലം ജുമാ മസ്ജിദില്‍. മാതാവ്: ജംഷിന എടമ്പാട്ട്, സഹോദരങ്ങള്‍: മെഹബിൻ,മെഹന ഫാത്തിമ, മെഹ്ഫില്‍.


