തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവർത്തന മികവോടെ നയിച്ച പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിലെ ‘സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി’ വിഭാഗത്തിന്റെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയമായിരുന്ന നടി സുകുമാരിയുടെ സ്മരണാർത്ഥം സർവ്വകലാശാലയിൽ ആരംഭിച്ച ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം അക്കാദമിയെയാണ് ഇനി മുതൽ ഡോ. പ്രമോദ് പയ്യന്നൂർ നയിക്കുക. സിനിമ, മൾട്ടിമീഡിയ, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ രാജ്യാന്തര തലത്തിലുള്ള പ്രായോഗിക പരിശീലനവും നൂതനമായ കോഴ്സുകളും പുതുതലമുറയ്ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ കഴിഞ്ഞ പത്തു വർഷക്കാലം കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലും, വൈവിധ്യമാർന്ന കലാസന്ധ്യകളും രാജ്യാന്തര സാംസ്കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ മികച്ച നാടകങ്ങളിലൂടെയും, ദൃശ്യമാധ്യമരംഗത്തെ വേറിട്ട സൃഷ്ടികളിലൂടെയും , പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന ജനപ്രിയ കൃതി പത്മശ്രീ ഭരത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ചലച്ചിത്രരൂപത്തിലാക്കിക്കൊണ്ടും കലാസ്വാദകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ഡോ. പ്രമോദ് പയ്യന്നൂർ.
ദൃശ്യമാധ്യമ-ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ അനുഭവസമ്പത്ത് നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിലെ ദൃശ്യമാധ്യമ പഠനവിഭാഗത്തിന് വലിയൊരു കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ് വൈസ് ചാൻസലറായുള്ള സർവ്വകലാശാലയുടെ ഈ പുതിയ ചുവടുവെപ്പ് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു ആത്മവിശ്വാസം നൽകുന്നതാണ്.
പ്രശസ്ത നാടകപ്രയോക്താവും, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂർ, നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിലെ പുതിയ ചുമതലക്കൊപ്പം , ‘ടിപ്സ്’ (TIPS) – ടാഗോർ ഇന്റർനാഷണൽ പെർഫോമിംഗ് സ്റ്റഡി സെന്ററിന്റെ എമെരിറ്റസ് പ്രൊഫസറായും, മീഡിയാസ്ക്രീൻ കൾച്ചറൽ ചാനലിന്റെ ക്രിയേറ്റീവ് ഡയയറക്ടറായും പ്രവർത്തിക്കും. പുതിയ പദവി ഏറ്റെടുത്ത അദ്ദേഹത്തിന് സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു

Advertisements

