ഏറ്റുമാനൂർ : കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ എന്ന ബസ്സിൽ ഇടിച്ചത്. ഏറ്റുമാനൂർ ബസ്റ്റാൻഡിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകാൻ ഇറങ്ങിയ ജയൻ എന്ന ബസ് , അമിത വേഗത്തിൽ എത്തി അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിനിൽ ഇടിക്കുകയായിരുന്നു. ജാക്വിലിൻ്റെ പിന്നിലാണ് ജയൻ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജയൻ ബസിൻ്റെ മുൻ ഭാഗവും , ജാക്വിലിൻ്റെ പിൻ ഭാഗവും തകർന്നു. അപകടത്തിൽ ബസ് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ബസുകളുടെ അമിത വേഗത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ട്. അമിത വേഗത്തിൽ ബസ് സർവീസ് നടത്തിയതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ അമിതവേഗം യാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു.




