പുലിക്കോട്ടിൽ അഞ്ചാമൻ മലങ്കരസഭയുടെ തനിമ കാത്തുസൂക്ഷിക്കുവാൻ യത്നിച്ച ഇടയൻ : പരിശുദ്ധ കാതോലിക്കാ ബാവാ : പഴയ സെമിനാരിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

ചിത്രം : മലങ്കരസഭാ തേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ​ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 117ാം ഓർമ്മപ്പെരുന്നാളിന് സമാപനം കുറിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പഴയസെമിനാരിയിൽ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകുന്നു. ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ്, ഫാ.ജോബിൻ വർ​ഗീസ്, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നിവർ സമീപം.

Advertisements

കോട്ടയം : മലങ്കരസഭയുടെ നിർണായക ഘട്ടത്തിൽ സഭയെ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന്റെ 117ാം ഓർമ്മ ദിനത്തിൽ കോട്ടയം പഴയസെമിനാരിയിൽ സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സഭയുടെ ​ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം അതീവശ്രദ്ധപുലർത്തി. മലങ്കരസഭയുടെ ആരാധനാ പാരമ്പര്യവും തനിമയും സ്വയംശീർഷകത്വവും കാത്തുസൂക്ഷിക്കാൻ അക്ഷീണം യത്നിച്ച മഹിതാചാര്യനായിരുന്നു പുലിക്കോട്ടിൽ അഞ്ചാമൻ. ആ പാരമ്പര്യം കൈവിടാൻ സഭ തയാറല്ല. അതിനെ അം​ഗീകരിക്കുവാൻ മറ്റുള്ളവരും തയാറായാൽ മലങ്കരസഭയിൽ സമാധാനം പുലരുമെന്നും ബാവാ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ മുന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ്, ​ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ്,ഡോ.ഏബ്രഹാം മാർ സെറാഫിം, കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് തുടങ്ങിയവർ സംബന്ധിച്ചു. ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഡോ.എം.കുര്യൻ തോമസ് എഡിറ്റ് ചെയ്ത് എം.ഒ.സി പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന 3 പുസ്തകങ്ങളുടെ പ്രകാശകർമ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു. പുലിക്കോട്ടിൽ അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ കബറിടത്തിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാ​ദം എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമായി.

Hot Topics

Related Articles