സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് കട്ടപ്പന ബി.ആർ.സി.യിൽ ജോലി ചെയ്തിരുന്ന രണ്ടു താത്കാലിക ഉദ്യോഗസ്ഥരെ പുറത്താക്കി. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. 32 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് സ്ഥാപനത്തിന്റെ ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അക്കൗണ്ടന്റിനേയും എം.ഐ.എസ്. കോ-ഓർഡിനേറ്ററേയും പുറത്താക്കി. വിവിധ പദ്ധതികളിൽ നിന്നും തുക തട്ടിയെടുത്തതായാണ് സൂചന. സംഭവം വിവാദമായതിനെ തുടർന്ന് തട്ടിയെടുത്ത തുക അധികൃതർ തിരിച്ച് അടപ്പിച്ച് ജീവനക്കാരെ പുറത്താക്കുകയായിരുന്നു. പിന്നീട് വിശദമായ ഓഡിറ്റ് നടത്തി ബി.ആർ.സി. അധികൃതർ പോലീസിൽ പരാതി നൽകുകയും ഒരു കോടി രൂപ തട്ടിച്ചതായി കാട്ടി പോലീസ് ജീവനക്കാരായ അശോക് വി. ജോസഫ് , അഞ്ജലിദാസ് എന്നിവർക്കെതിരെ കേസെടുത്തു. തട്ടിപ്പിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി.ആർ.സി. അധികൃതർ തയാറായിട്ടില്ല.
ഒരു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ; കട്ടപ്പനയിൽ രണ്ടു ബി.ആർ.സി. ഉദ്യോഗസ്ഥരെ പുറത്താക്കി.


