കോട്ടയം: കാപ്പാ നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രതി വിലക്ക് ലംഘിച്ച് കഞ്ചാവ് കച്ചവടം ചെയ്തതിന് പിടിയിൽ. പിടിയിലായ പ്രതിയ്ക്ക് എതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ മണർകാട് തിരുവഞ്ചൂർ നരിമറ്റം ടെമ്പിൾ ഭാഗം സരസ്വതി വിലാസം വീട്ടിൽ എ.അശ്വിനെതിരെയാണ് കാപ്പ ചുമത്തി ആറു മാസം കരുതൽ തടങ്കലിലാക്കിയത്. കേരള പോലീസിന്റെ സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അശ്വിനെ കഞ്ചാവുമായി പിടികൂടിയിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അശ്വിൻ എ.ക്കെതിരെ നേരത്തെ തന്നെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 (കാപ്പ) പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നടപടി സ്വീകരിച്ചിരുന്നു. കാപ്പാ നിയമത്തിലെ 15(1)(ബി) വകുപ്പ് പ്രകാരമുള്ള ഉത്തരവനുസരിച്ച്, ഈ നിയമത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഉത്തരവ് ലംഘിക്കുന്നതിൽ നിന്നും പ്രതിയെ വിലക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഈ ഉത്തരവ് നിലവിലിരിക്കെ പ്രതിയുടെ കൈവശത്ത് നിന്ന് 3.75 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ കാപ്പാ ഉത്തരവിലെ നിബന്ധനകൾ പ്രതി ലംഘിച്ചതായി കണ്ടെത്തി.
തുടർന്ന്, പ്രതിയുടെ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളിൽ തുടർച്ചയായ പങ്കാളിത്തം കണക്കിലെടുത്ത് PITNDPS Act, 1988-ലെ വകുപ്പ് 3(1) പ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നടപ്പിലാക്കി അയർക്കുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കി.
മയക്കുമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ തുടർന്നും കർശനമായി നടപ്പാക്കുമെന്നും, ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന്റെ ഭാഗമായി ലഹരി കടത്ത്, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ നിയമത്തിന്റെ പരമാവധി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി സാബു മാത്യു കെ.എം അറിയിച്ചു.


