തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തട്ടിക്കൂട്ട് രീതിയിൽ മരാമത്ത് പണികൾ നടത്തി ബില്ലുകൾ പാസാക്കാൻ ശ്രമിക്കരുതെന്നും അത്തരത്തിലുള്ള ബില്ലുകൾ അംഗീകരിക്കില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. മേയറുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ആറ്റുകാൽ പൊങ്കാല അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യം കർശനമായി നിർദ്ദേശിച്ചത്.പലയിടങ്ങളിലും പൊങ്കാലയ്ക്ക് തലേദിവസം റോഡുകളിൽ ടാർ ചെയ്യുന്നത് പതിവാണെന്നും, ഇതുമൂലം പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകളുടെ വസ്ത്രങ്ങളിൽ ടാർ ഒട്ടിപ്പിടിക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും മേയർ ചൂണ്ടിക്കാട്ടി. ഇത്തവണ ഇത്തരത്തിലുള്ള സാഹചര്യം അനുവദിക്കില്ലെന്നും ആവശ്യമായ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ വർഷം നടത്തിയ ജോലികളുടെ ബില്ലുകൾ ഇതുവരെ പാസാക്കി പണം നൽകിയിട്ടില്ലെന്ന കാര്യം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചു. ബില്ലുകൾ സർക്കാരിന് കൈമാറിയെന്നായിരുന്നു കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊങ്കാലയ്ക്ക് മുമ്പ് കഴിഞ്ഞ വർഷത്തെ കുടിശ്ശിക തുക നൽകുമോയെന്ന് മേയർ വി.വി. രാജേഷ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.മരാമത്ത് പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം, വാഹന പാർക്കിംഗ് സൗകര്യങ്ങൾ, സ്വീവറേജ് സംവിധാനങ്ങൾ, ആരോഗ്യ മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി അതത് വകുപ്പുകൾ കളക്ടറേറ്റിൽ അനുമതിക്കായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്., ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ എസ്., ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ധൻഖേർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.


