ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ 10 പരാതികളിൽ രണ്ട് എഫ്.ഐ.ആര്‍ : പെണ്‍കുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക ; ഗുരുതരമായ ആരോപണങ്ങളുമായി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള പ്രഥമ വിവര റിപ്പോർട്ട് 

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പൊലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ എഫ്‌ഐആറുകളിലെ വിവരങ്ങളാണ് പുറത്തുവന്നത്. ഡല്‍ഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ രണ്ട് കേസിലും ബ്രിജ് ഭൂഷനെ പ്രതിയാക്കിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികള്‍ ബ്രിജ് ഭൂഷനെതിരെയുണ്ട്.

ശരിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുക, പെണ്‍കുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങള്‍ തേടുക, താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകള്‍ക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നല്‍കുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചത്ത് തലോടുക ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 21 ന് ബ്രിജ് ഭൂഷനെതിരായ പരാതിലഭിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ 28 നാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആദ്യ എഫ്.ഐ. ആര്‍ ആറ് വനിതാ ഒളിമ്ബ്യന്മാരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. രണ്ടാമത്തേത് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ബ്രിജ്ഭൂഷൻ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ വിവരം പുറത്തുവന്നത്.

ഡയറ്റീഷ്യനോ പരിശീലകനോ അംഗീകരിക്കാത്ത ‘അജ്ഞാത ഭക്ഷ്യവസ്തുക്കള്‍’ മികച്ച പ്രകടനത്തിനു നല്ലതെന്നു പറഞ്ഞു കഴിക്കാൻ നല്‍കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ അശ്ലീല ഉദ്ദേശ്യത്തോടെ തടവി, അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ പെരുമാറി തുടങ്ങിയവയും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ 7 വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിപ്രകാരമാണ് 2 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 6 പേരുടെ പരാതി ഒരുമിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രത്യേകവുമാണു പൊലീസ് പരിഗണിച്ചത്.

മുറിയില്‍നിന്നു പുറത്തിറങ്ങുമ്ബോള്‍ കൂട്ടമായേ നടക്കാറുള്ളൂവെന്നും ഒറ്റയ്ക്കു കണ്ടാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളുമായി ബ്രിജ് ഭൂഷൻ സമീപിക്കുമെന്നും താരങ്ങള്‍ പരാതിയില്‍ ആരോപിച്ചു. ”ഒരിക്കല്‍ ബ്രിജ് ഭൂഷൻ എന്നെ വിളിപ്പിച്ചു. എന്റെ ടി ഷര്‍ട്ട് ഉയര്‍ത്തി കൈ കൊണ്ട് വയര്‍ വരെ തടവി. ശ്വാസപരിശോധനയെന്ന മട്ടില്‍ പൊക്കിളില്‍ കയ്യമര്‍ത്തി” ഒരു പരാതിക്കാരി പറഞ്ഞു. ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്ലതെന്നു പറഞ്ഞ്, ഡയറ്റീഷ്യനോ ഡോക്ടറോ അംഗീകരിക്കാത്ത ‘അജ്ഞാത ഭക്ഷ്യവസ്തു’ നല്‍കിയതായും ആരോപിച്ചു.

മത്സരത്തിനിടെ പരുക്കേറ്റപ്പോള്‍, ചികിത്സാച്ചെലവ് ഗുസ്തി ഫെഡറേഷൻ വഹിക്കാമെന്നും പകരമായി തന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിത്തരണമെന്നും ബ്രിജ് ഭൂഷൻ പറഞ്ഞതായി മറ്റൊരു ഗുസ്തിതാരം പരാതിയില്‍ ചൂണ്ടിക്കാട്ടി. ”മാറ്റില്‍ കിടക്കവേ, ബ്രിജ് ഭൂഷൻ അടുത്തേക്കു വരികയും എന്നെ ഞെട്ടിച്ചുകൊണ്ട് കുനിഞ്ഞ് ടിഷര്‍ട്ട് ഉയര്‍ത്തുകയും ചെയ്തു. പരിശീലകന്റെ അസാന്നിധ്യത്തിലും എന്റെ സമ്മതമില്ലാതെയുമാണ് ഇങ്ങനെ ചെയ്തത്. ശ്വാസപരിശോധനയെന്ന മട്ടില്‍ മാറിടത്തില്‍ കൈ വയ്ക്കുകയും വയര്‍ വരെ തടവുകയും ചെയ്തു” മറ്റൊരു താരം പരാതിയില്‍ പറഞ്ഞു.

”ഒരു ദിവസം റസ്റ്ററന്റില്‍ അത്താഴം കഴിക്കാൻ ഇരിക്കുമ്ബോള്‍, ബ്രിജ് ഭൂഷൻ എന്നെ മാത്രം അയാളുടെ കൂടെയിരിക്കാൻ വിളിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്, അനുമതിയില്ലാതെ, അയാളുടെ കൈ എന്റെ മാറിടത്തില്‍ വയ്ക്കുകയും തടവുകയും ചെയ്തു. വയറ്റിലേക്കും കൈ എത്തിച്ചു. ഞാൻ അസ്വസ്ഥത കാണിച്ചിട്ടും കണ്ടില്ലെന്നു നടിച്ച്‌ വീണ്ടും മാറിടത്തിലും വയറ്റിലും അങ്ങോട്ടുമിങ്ങോട്ടും മൂന്നുനാലുവട്ടം സ്പര്‍ശിച്ചു” മറ്റൊരു താരം പരാതിപ്പെട്ടു. ഒരിക്കല്‍ ബ്രിജ് ഭൂഷൻ കിടപ്പറയിലേക്കു ക്ഷണിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്‌തെന്നു മറ്റൊരു താരം ആരോപിച്ചു.

”ടീമിന്റെ ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അവസാന നിരയിലാണു നിന്നിരുന്നത്. ബ്രിജ് ഭൂഷൻ എന്റെ അരികില്‍ വന്ന് നിന്നു. എന്റെ നിതംബത്തില്‍ ഒരു കൈ സ്പര്‍ശിച്ചപ്പോള്‍ ഞെട്ടിപ്പോയി. വൃത്തികെട്ട രീതിയിലും അസ്വസ്ഥമാകുന്ന തരത്തിലും പ്രവര്‍ത്തിച്ചതു ബ്രിജ് ഭൂഷനായിരുന്നെന്നു മനസ്സിലായി. മാറി നില്‍ക്കാൻ ശ്രമിച്ചപ്പോള്‍ അയാള്‍ എന്റെ ചുമലില്‍ ബലമായി പിടിച്ചു നിര്‍ത്തി.” മറ്റൊരു പരാതിയില്‍ പറയുന്നു. റസ്ലിങ് ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്.

അതേസമയം ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൻ നിഷേധിച്ചു. ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാല്‍ തൂക്കിലേറി മരിക്കാൻ തയാറാണ്. ഗുസ്തിയില്‍ 20ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നില്‍ തന്റെ കഠിനാധ്വാനവുമുണ്ടെന്നും കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷൻ പറഞ്ഞു. ബ്രിജ് ഭൂഷന് എതിരായ കേസുകള്‍ പരിഗണനയിലാണെന്നും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു.

Hot Topics

Related Articles