ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിന്റെ രൂക്ഷ വിമർശനം.
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദില്ലിയില്‍ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ ഈ മൂന്ന് പേരുമായി നടത്തിയ യോഗത്തിലാണ് രാഹുല്‍ കടുപ്പിച്ചത്. നേതാക്കള്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുല്‍, ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കണമെന്നും അതിന് ശേഷം മാത്രമാകും പ്രഖ്യാപനമെന്നും ഖർഗെ വ്യക്തമാക്കി. ഇതോടെയാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവർത്തകരെ വേദനിപ്പിക്കരുത്
ഇതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് രംഗത്തെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങള്‍ നടത്തരുതെന്നും ഇത്തരം നടപടികള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി.
പാർട്ടിയില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് ഇത്തരം പ്രകടനങ്ങള്‍ വഴിമരുന്നിടും. അതിനാല്‍ ഇനി ഒരിടത്തും ഒരു തരത്തിലുള്ള പ്രകടനങ്ങളും പാടില്ലെന്ന് നേതാക്കള്‍ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകള്‍ ഇന്ന് തന്നെ എടുത്തു മാറ്റണമെന്നും ആർക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുതെന്നും നേതാക്കള്‍ നിർദ്ദേശിച്ചു.
നേതാക്കളെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. ജനങ്ങള്‍ക്ക് മുൻപില് പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ നിലവിലെ സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നും കെ സിയും ആർ സിയും വി ഡിയും ഒന്നിച്ച് ഓർമ്മിപ്പിച്ചു. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കള്‍, തെരുവിലെ പോരുകള്‍ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു. എല്ലാ ഫ്ലക്സുകളും ഇന്ന് തന്നെ എടുത്തുമാറ്റണമെന്നും നേതാക്കള്‍ വ്യക്തമാക്കി.


