23 ഇനം വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഉത്തരവ് റദാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയർ, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്വീലർ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്. അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നത്.

എന്നാല്‍ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്ബ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്നാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം ആരായാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഔദ്യോഗിക വെബ് സൈറ്റിലൂടെയും, മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുടെ അഭിപ്രായം സർക്കാരിന് തേടാമായിരുന്നു. ഇത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. നടപടി ക്രമങ്ങള്‍ പാലിച്ച്‌ കേന്ദ്രത്തിന് പുതിയ നിരോധന ഉത്തരവ് പുറത്തിറക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര ഉത്തരവ് നേരത്തെ കർണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. നിരോധന ഉത്തരവ് വ്യക്തത ഇല്ലാത്തതാണെന്ന് ഹർജിക്കാർ കോടതിയില്‍ വാദിച്ചു. പിറ്റ്ബുള്‍ ടെറിയർ, മാസ്ടിഫ് തുടങ്ങിയ ഇനം നായകളെ നിരോധിക്കുന്നു എന്നാണ് ഉത്തരവില്‍ ഉള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഈ വിഭാഗത്തില്‍ പെട്ട എല്ലാ നായകളും അക്രമകാരികളല്ല എന്നും ഹർജിക്കാർ വാദിച്ചു. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്രം നിരോധന ഉത്തരവ് ഇറക്കിയത് എന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. പിറ്റ്ബുള്‍ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുള്‍ഡോഗ്, ബോസ്ബോല്‍, കംഗല്‍, സെൻട്രല്‍ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോണ്‍ജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്, റോട്ട്വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയില്‍ ഉള്‍പ്പട്ടിരുന്നു.

Hot Topics

Related Articles