കൊച്ചി:ദൃശ്യത്തിന്റെ’ മൂന്നാം ഭാഗത്തെക്കുറിച്ച് അമിത പ്രതീക്ഷയോടെ കാണാൻ വരാതിരിക്കണമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ത്രില്ലർ സിനിമ എന്ന രീതിയിൽ അല്ല ‘ദൃശ്യ’ ഒരുക്കിയതെന്നും ആദ്യഭാഗം ചെയ്യുമ്പോൾ പിന്നീടുള്ള ഭാഗങ്ങളെക്കുറിച്ച് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.“രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യണമെന്ന് എനിക്ക് നിർബന്ധമൊന്നുമുണ്ടായിരുന്നില്ല. ആദ്യഭാഗം കഴിഞ്ഞപ്പോൾ ചിലർ ചോദിച്ചതിനാലാണ് രണ്ടാമത്തെ ഭാഗം ഒരുക്കിയത്. ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ടവർ തന്നെയാണ് പിന്നീടും അഭിനയിച്ചത്. എല്ലാവരും സന്തോഷത്തോടെയാണ് തിരികെ വന്നത്. പ്രധാന കഥാപാത്രങ്ങളിൽ ആരെങ്കിലും പിന്മാറിയാൽ സിനിമ ചെയ്യേണ്ടെന്ന് തീരുമാനമായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. പണത്തിനുവേണ്ടി ഞാൻ ഈ സിനിമ ചെയ്യുന്നില്ല,” – ജീത്തു പറഞ്ഞു.
കല്‍ക്കിയുടെ ബോളിവുഡ് രണ്ടാം ഭാഗത്തിൽ പ്രതിഫല പ്രശ്നത്തെ തുടർന്ന് നായിക ഉൾപ്പെടെ ചിലർ പിന്മാറിയ സംഭവവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.“ഈ നാലുവർഷത്തിനിടയിൽ ജോർജുകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. രണ്ടാമത്തെ ഭാഗത്തെ വെല്ലേണ്ടെന്നോ അതിനുമുകളിൽ ഒന്നാകണമെന്നും ലക്ഷ്യമല്ല. അതുകൊണ്ട് അമിതപ്രതീക്ഷയോടെ വരേണ്ടതില്ല. സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് നിർമാതാവിനുപോലും അറിയില്ല. അതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത,” – അദ്ദേഹം കൂട്ടിച്ചേർത്തു.


