തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമയിലെ ഫലകഭാഗങ്ങൾ കോർപറേഷൻ ഉദ്യോഗസ്ഥർ തകർത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്.രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശങ്കർ സ്മാരകത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സ്മാരകത്തിലെത്തി സംഭവത്തെ ശക്തമായി വിമർശിച്ചു.തിരുവനന്തപുരം കോർപറേഷനാണ് ഇതിന് ഉത്തരവാദികളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആർ. ശങ്കറിന്റെ ഓർമകളെ പോലും അപമാനിക്കാനാണ് കോർപറേഷനും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആർ. ശങ്കറിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്താൻ എത്തിയപ്പോഴാണ് ഫലകഭാഗങ്ങൾ തകർന്നത് ശ്രദ്ധയിൽപ്പെട്ടത്.2013-ൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അനാച്ഛാദനം ചെയ്ത പ്രതിമയുടെ ഭാഗമായ ഫലകങ്ങൾ ആണ് തകർന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കോർപറേഷൻ നടത്തിയ നിർമാണപ്രവർത്തനങ്ങളിലാണ് ഈ ഭാഗങ്ങൾ തകർത്തതെന്നും അവർ വ്യക്തമാക്കി.


