ഇ.ശ്രീധരൻ്റെ അതിവേഗ റെയിലിനെ കേരളം ഏറ്റെടുത്തേയ്ക്കും ; മുഖ്യമന്ത്രിയും ഇ.ശ്രീധരനും തിരുവനന്തപുരത്ത് ചർച്ച നടത്തി 

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മില്‍ ചർച്ച ചെയ്തത്. അതിവേഗ റെയില്‍പാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദല്‍ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച്‌ ഈ ബദല്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാല്‍ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയില്‍ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. ചർച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എല്‍ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തില്‍ തുടർചർച്ചകള്‍ നടത്താൻ തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയില്‍ സില്‍വർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നല്‍കിയ മറുപടി.

Advertisements

നേരത്തെ തന്നെ സില്‍വർ ലൈനിനും ആർ ആർ ടി എസിനും ബദലായി പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത. സർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് ശ്രീധരൻ അറിയിച്ചിരുന്നു. വിശദപഠനത്തിന് ശേഷം മാത്രം അതിവേഗ റെയില്‍ പാത പദ്ധതിയെന്നാണ് യു ഡി എഫ് സർക്കാർ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ റെയിലിന് ബദല്‍

സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് കെ റെയില്‍ സില്‍വർ ലൈൻ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തത്. പിണറായി വിജയൻ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് കെ റെയില്‍ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അ‍ടഞ്ഞ് അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. സില്‍വർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തില്‍ തന്നെയാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സില്‍വർ ലൈൻ വേണ്ടെന്ന് വച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വ്യക്തമായ ഒരു ഡി പി ആ‌ർ പോലുമില്ലാത്ത കെ റെയില്‍ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്നും വിശദീകരിച്ചിരുന്നു. യു ഡി എഫ് സബ് കമ്മിറ്റി പഠിച്ച്‌ സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചത്. എന്നാല്‍ കേരളത്തില്‍ അതിവേഗ യാത്രക്കുള്ള പദ്ധതികള്‍ യു ഡി എഫ് സർക്കാർ ആലോചിക്കുമെന്നും വിശദമായ പഠനം നടത്തി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സില്‍വർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴിയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വിവരിച്ചിരുന്നു.

Hot Topics

Related Articles