ദില്ലി: മുതിർന്ന പൌരന്മാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ള ആനുകൂല്യങ്ങള്‍ പിൻവലിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ അധികലാഭം 5800 കോടി രൂപ. നാല് വർഷത്തെ കണക്കാണിത്. കൊവിഡ് കാലത്താണ് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്കുകളിലെ ഇളവുകൾ പിൻവലിച്ചത്.
58 വയസ്സിൽ കൂടുതൽ പ്രായമുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവും 60 വയസ്സിൽ കൂടുതലുള്ള പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും 40 ശതമാനവുമാണ് കൊവിഡിന് മുൻപ് ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവ്. 2020 മാർച്ച് 20 നാണ് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പിൻവലിച്ചത്. കൊവിഡ് കാലത്ത് പരമാവധി യാത്ര കുറയ്ക്കുക എന്ന പേരിലാണ് യാത്രാ ഇളവ് എടുത്തുകളഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാല് വർഷമായി മുതിർന്ന പൗരന്മാർ മുഴുവൻ തുകയും നൽകിയാണ് യാത്ര ചെയ്യുന്നത്. ഇതോടെ 2020 മാർച്ച് 20 മുതൽ 2024 ജനുവരി 31 വരെ റെയിൽവേയ്ക്ക് 5,875 കോടിയിലധികം അധിക വരുമാനം ലഭിച്ചതായി വിവരാവകാശ രേഖയിൽ നിന്ന് വ്യക്തമാണ്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖ പുറത്തുവിട്ടത്. ഈ നാല് വർഷത്തിനുള്ളിൽ മുതിർന്ന പൌരന്മാരായ ഏകദേശം 13 കോടി പുരുഷന്മാരും 9 കോടി സ്ത്രീകളും 33,700 ട്രാൻസ്‌ജെൻഡേഴ്സും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. 13,287 കോടി രൂപയാണ് ഇവരുടെ യാത്രാ നിരക്കായി റെയിൽവേയ്ക്ക് ലഭിച്ചത്. അതായത് യാത്രാ ആനുകൂല്യം നിഷേധിച്ചതിനാൽ 5875 കോടിയിലേറെ അധികലാഭം റെയിൽവേയ്ക്ക് ലഭിച്ചു.
മുതിർന്ന പൗരന്മാർക്കുള്ള ഇളവ് എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന ചോദ്യം പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഉൾപ്പെടെ എത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയിരുന്നില്ല. ഇന്ത്യൻ റെയിൽവേ എല്ലാ ട്രെയിൻ യാത്രക്കാർക്കും ട്രെയിൻ നിരക്കിൽ 55 ശതമാനം ഇളവ് നൽകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ശരിക്കും 100 രൂപ ഈടാക്കേണ്ട യാത്രയ്ക്ക് 45 രൂപ മാത്രമാണ് ഈടാക്കുന്നതെന്നും അതായത് 55 രൂപ ഇളവ് നൽകുന്നുണ്ടെന്നുമാണ് മന്ത്രി ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞത്.