കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ ‘സഹോദരൻ ‘കാരുണ്യം പെയ്തിറങ്ങിയ നാല് വർഷങ്ങൾ പൂർത്തിയാക്കുന്നു. നാനാജാതി മതസ്ഥരായ ക്ലേശിതർക്കായി ഇതിനോടകം 21 കോടി രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. സഹോദരൻ പദ്ധതിയുടെ നാലാം വാർഷികത്തിന് നിരണം സെന്റ് മേരീസ് വലിയ പള്ളി വേദിയാകും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയോട് അനുബന്ധിച്ച് പൂർത്തീകരിക്കുന്ന 100 ഭവനങ്ങളുടെ ഫണ്ട് ശേഖരണം ചടങ്ങിൽ വെച്ച് നടക്കും.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ക്രിസോറ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷതവഹിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.യൂയാക്കീം മാർ കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തും. മലങ്കര കത്തോലിക്ക സഭ തിരുവല്ല ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകും. നിരണം വലിയ പള്ളി ഇടവകാംഗമായ പിന്നണി ഗായകൻ ശ്രീ.കെ.ജി മാർക്കോസിനെ ചടങ്ങിൽ ആദരിക്കും. സഹോദരൻ പദ്ധതി ഡയറക്ടർ ഫാ.യാക്കോബ് റമ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചക്കുളത്തുകാവ് ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, ഇടവക വികാരി ഫാ.ഷിബു തോമസ് ആമ്പല്ലൂർ എന്നിവർ പ്രസംഗിക്കും. സഹോദരൻ പദ്ധതിയിൽ അംഗങ്ങളായ സോദരസംഘാഗങ്ങളുടെ
സംഗമവും അന്നേദിവസം നടക്കുമെന്ന് സഹോദരൻ പദ്ധതി ഡയറക്ടർ ഫാ.യാക്കോബ് റമ്പാൻ , സെക്രട്ടറി ഫാ.അലക്സ് തോമസ്, ട്രഷറർ ഫാ.ബൈജു ജോൺസൺ എന്നിവർ അറിയിച്ചു.


