കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് : പ്രതിയിൽ നിന്ന് ഡോക്ടർമാരുടെ വിവരങ്ങളും ലഭിച്ചു : പ്രതി കെവിൻ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍

എറണാകുളം: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസില്‍ പ്രതി കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതായി പൊലീസ്. പ്രതിയുടെ ഫോണ്‍ പരിശോധനയില്‍ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. പ്രതി കെവിൻ ബാംഗ്ലൂർ ഐ ഐ എമ്മില്‍ പഠിച്ചിറങ്ങിയ വ്യക്തിയാണ്. രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുള്ളയാള്‍. അമ്മ മരിച്ചതില്‍ പിന്നെ കെവിൻ ഒരു വർഷമായി ഒറ്റയ്ക്കാണ്. ഉന്നതരുമായുള്ള ബന്ധത്തിലൂടെ ലഹരി ഇടപാടിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരു വഴിയാണ് കെവിൻ ലഹരി എത്തിക്കുന്നത്. കൊച്ചിയിലെ ലഹരി പാർട്ടിയില്‍ നിന്ന് കെവിൻ കഷ്ട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര സ്വദേശി കെവിൻ പിടിയിലായത്. കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തല്‍. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകള്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്‌ലൻ്റ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദർശിച്ചു. ഇയാള്‍ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

Advertisements

തൃക്കാക്കരയില്‍ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര ചെമ്പുമുക്ക് കെകെ റോഡില്‍ റോസ് ലാൻഡ് വീട്ടിലെ താമസക്കാരനാണ് ഇയാള്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി പില്‍സ് എന്നിവയുണ്ടായിരുന്നു. പ്രതിയില്‍ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.

Hot Topics

Related Articles