ഹെൽത്ത് ഡെസ്ക്:ഗർഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങൾ അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന ഘട്ടമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭധാരണത്തിന്റെ 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലയളവിലാണ് അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. ഈ ഘട്ടത്തിൽ ഗർഭകാല പരിചരണം ശക്തമാക്കേണ്ടത് അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.ഗർഭകാലത്ത് ഏറ്റവുമധികം അപകടം സൃഷ്ടിക്കുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ് ഉയർന്ന രക്തസമ്മർദ്ദംയും ഗർഭകാലത്തെ പ്രമേഹംയും.
ഗർഭിണികളിലെ ഉയർന്ന രക്തസമ്മർദ്ദം അപകടകാരി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
28 ആഴ്ച കഴിഞ്ഞാണ് ഗർഭിണികളിൽ സാധാരണയായി ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തപ്പെടുന്നത്. ഗർഭകാലത്തെ ഈ അവസ്ഥ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ഗുരുതരമായി ബാധിക്കും. രക്തസമ്മർദ്ദം ഉയരുന്നതോടെ അമ്മയുടെ വൃക്ക, കരൾ, തലച്ചോർ, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പ്രതികൂലമായി ബാധിക്കപ്പെടുന്നു.ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദത്തെ, അവയവങ്ങളെ ബാധിക്കുന്ന ഘട്ടത്തിലെത്തുമ്പോൾ പ്രീഎക്ലാംസിയ എന്നും വിളിക്കുന്നു. പ്രീഎക്ലാംസിയ വഷളായാൽ ജന്നി രോഗമായ എക്ലാംസിയയിലേക്കും ഇത് നീങ്ങാം. വൃക്ക തകരാർ, കരൾ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ (HELLP Syndrome) തുടങ്ങിയവയും ഈ അവസ്ഥയുടെ ഭാഗമായി ഉണ്ടാകാം.
സ്ഥിരം പരിശോധന അനിവാര്യം
28 ആഴ്ച കഴിഞ്ഞ് എല്ലാ രണ്ടാഴ്ചയിലും ഗർഭിണികൾ ഗൈനക്കോളജിസ്റ്റിനെ സന്ദർശിച്ച് രക്തസമ്മർദ്ദം പരിശോധിക്കണം. സിസ്റ്റോളിക് ബിപി 140-ന് മുകളിലോ, ഡയസ്റ്റോളിക് ബിപി 90-ന് മുകളിലോ എത്തിയാൽ ഇത് ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദമായി കണക്കാക്കുന്നു. ചിലരിൽ ബിപി 160 മുതൽ 200 വരെ ഉയരുന്നതും അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു.ഉയർന്ന രക്തസമ്മർദ്ദം കുഞ്ഞിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും ഗർഭസ്ഥ ശിശുവിന്റെ ചലനം കുറയാൻ കാരണമാവുകയും ചെയ്യാം. കൂടാതെ മറുപിള്ള ഗർഭപാത്രത്തിൽ നിന്ന് അകന്ന് പോകുന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇതുമൂലം കുഞ്ഞിന് രക്തയോട്ടം നിലച്ചു പോകുന്ന സാഹചര്യം വരാം. അതിനാൽ മൂത്രത്തിൽ ആൽബുമിൻ ഉണ്ടോയെന്ന് പരിശോധിക്കുന്നതും അത്യന്താപേക്ഷിതമാണ്.
ഗർഭകാലത്തെ പ്രമേഹം കുഞ്ഞിന് വലിയ ഭീഷണി
26 ആഴ്ച കഴിഞ്ഞ് പ്രകടമാകുന്ന മറ്റൊരു ഗുരുതര പ്രശ്നമാണ് ഗർഭകാലത്തെ പ്രമേഹം (Gestational Diabetes Mellitus – GDM). അമിതവണ്ണമുള്ള സ്ത്രീകൾ, കുടുംബപരമായി പ്രമേഹം ഉള്ളവർ, മുൻപ് ഭാരം കൂടിയ കുഞ്ഞിനെ പ്രസവിച്ചിട്ടുള്ളവർ എന്നിവർക്കാണ് ഈ അവസ്ഥയ്ക്ക് കൂടുതൽ സാധ്യത.24 മുതൽ 26 ആഴ്ചയ്ക്കിടെ നടത്തുന്ന (Glucose Challenge Test )വഴിയാണ് പ്രമേഹം കണ്ടെത്തുന്നത്. ആദ്യ പരിശോധന സാധാരണമായാലും 32-ാം ആഴ്ചയിലും 36-ാം ആഴ്ചയിലും തുടർ പരിശോധന നിർബന്ധമാണ്.ഗർഭകാലത്തെ പ്രമേഹം ഗർഭസ്ഥ ശിശുവിന്റെ ഭാരം അമിതമായി വർധിപ്പിക്കുകയും കുഞ്ഞിന്റെ അനക്കം കുറയാനും ഗർഭസ്ഥ മരണത്തിന് പോലും കാരണമാവുകയും ചെയ്യാം. കുഞ്ഞിന്റെ ഭാരം അധികമായാൽ സുഖപ്രസവം ബുദ്ധിമുട്ടാകുകയും സിസേറിയൻ പ്രസവം ആവശ്യമായി വരികയും ചെയ്യും.ചില സന്ദർഭങ്ങളിൽ വയറിന്റെ വലിപ്പം അമിതമായി കൂടുന്നതിലൂടെയോ ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് വർധിക്കുന്നതിലൂടെയോ ആണ് പ്രമേഹം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ മരുന്നുകളോ ഇൻസുലിൻ കുത്തിവയ്പ്പോ ആവശ്യമായി വരാം.പ്രസവശേഷം ഈ കുഞ്ഞുങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് കുറഞ്ഞ് ജന്നി വരാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ ജനനശേഷം കൃത്യമായ അളവിൽ മുലപ്പാൽ നൽകുന്നതും ആവശ്യമായാൽ ശിശുരോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരം ഫോർമുല മിൽക്ക് നൽകുന്നതും നിർബന്ധമാണ്.
ഗർഭകാലത്തുള്ള വിളർച്ചയും ശ്രദ്ധിക്കണം
ഗർഭിണികളിൽ സാധാരണയായി കാണപ്പെടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് വിളർച്ച. ഗർഭകാലത്ത് രക്തത്തിലെ ഹീമോഗ്ലോബിൻ 11 ഗ്രാം എങ്കിലും ഉണ്ടായിരിക്കണം. ഇത് കുറഞ്ഞാൽ അമിത ക്ഷീണം, ഉറക്കം, ശ്വാസക്കേട്, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.ഹീമോഗ്ലോബിൻ ഏഴ് ഗ്രാമിന് താഴെയായാൽ ഹൃദയത്തിന്റെ പ്രവർത്തനം പോലും ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ അവസ്ഥ കൂടുതൽ ഗുരുതരമാകുന്നത്. അതിനാൽ വിളർച്ച തടയുന്നതിനുള്ള ചികിത്സയും ഗർഭകാല പരിചരണത്തിന്റെ ഭാഗമാക്കണം.
കുടുംബപിന്തുണ അത്യാവശ്യം
ഗർഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ അമ്മയുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കി ആവശ്യമായ പിന്തുണ നൽകേണ്ടത് ജീവിത പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. കുടുംബപിന്തുണ ഗർഭകാലം സന്തോഷകരമാക്കുന്നതിനൊപ്പം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


