ആത്മഹത്യാപ്രവണതയുമായി ജീവിക്കുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളുയർന്ന് വന്നിട്ടുള്ളൊരു കാലമാണിത്. ഇന്ത്യയിൽ ഇത്തരം ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം ലോകത്തിൽ തന്നെ ഏറ്റവുമധികം വിഷാദരോഗം അനുഭവിക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യ. വിഷാദരോഗം സമയബന്ധിതമായി ചികിത്സയിലൂടെ അതിജീവിക്കാനായില്ലെങ്കിൽ അത് ആത്മഹത്യയിലേക്ക് വരെ നയിക്കാം. ഈ രീതിയിൽ സ്വയം അവസാനിപ്പിക്കുന്നവർ നിരവധിയാണ്.

നമ്മുടെ ചുറ്റുപാടുകളിലോ, പരിചയങ്ങളിലോ, സൗഹൃദങ്ങളിലോ ഇതുപോലെ ആത്മഹത്യാപ്രവണതയുമായി ജീവിക്കുന്ന പലരെയും കാണാം. അവരെ ആത്മഹത്യയിലെത്തിക്കാതെ എങ്ങനെ ജീവിതത്തിൽ തന്നെ പിടിച്ചുനിർത്താം? എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്? ഇക്കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. 

  1. ആത്മഹത്യാപ്രവണത കാണിക്കുന്ന വ്യക്തി ബുദ്ധിപരമായോ, യുക്തിപരമായോ അല്ല ചിന്തിക്കുന്നത്. അവർ വൈകാരികതയ്ക്ക് അകത്താണ് നിൽക്കുന്നത്. അവർ അനുഭവിക്കുന്ന വൈകാരികപ്രശ്നങ്ങൾ ‘റിയൽ’ ആണെന്ന് ആദ്യം മനസിലാക്കുക. അവരുടെ വൈകാരികതകളെ തികഞ്ഞ മര്യാദയോടെ ഉൾക്കൊള്ളുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. അവരെ കേൾക്കുന്നുണ്ടെന്നും അവരെ മനസിലാക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ വിജയിച്ചു.
  2. ഗുരുതരമായ വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാം ചികിത്സ വേണ്ടുന്ന അവസ്ഥകളാണ്. ഈ ചികിത്സ തേടുന്നതിന് അവരെ സ്നേഹപൂർവം നിർബന്ധിക്കാൻ സാധിക്കണം. ഇതിന് യോജിച്ച വിദഗ്ധരെ തന്നെ വേണം സമീപിക്കാൻ. അല്ലാത്തവരുമായുള്ള സംസാരമോ പങ്കുവയ്ക്കലോ ഒരുപക്ഷെ വ്യക്തിയെ വീണ്ടും മോശമായി ബാധിക്കാം. 
  3. സുഹൃത്തുക്കളാകുമ്പോൾ മാനസികനില ശരിയല്ലെന്ന് ആരെങ്കിലും പറയുമ്പോഴേക്ക് അവരെ മദ്യപിക്കാനോ മറ്റെന്തെങ്കിലും ലഹരി ഉപയോഗിക്കാനോ നിർബന്ധിക്കുകയോ ക്ഷണിക്കുകയോ ചെയ്യുന്നവരുണ്ട്. ഇതൊരിക്കലും ചെയ്യരുത്. ആത്മഹത്യാപ്രവണതയുള്ള വ്യക്തികളെ വീണ്ടും തകർക്കുന്നതിനേ ഇത് സഹായിക്കൂ.
  4. ഏത് പ്രതിസന്ധിയിലും താങ്ങായി കൂടെ നിൽക്കാൻ കഴിയുമെന്ന ബോധ്യം അവരിലുണ്ടാക്കണം. മനുഷ്യർക്ക് പരസ്പരം ഇങ്ങനെ ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരോടുള്ള കരുതൽ ഇത്തരത്തിലെല്ലാം പ്രകടമാക്കേണ്ടതുമുണ്ട്. 
  5. ആത്മഹത്യാപ്രവണതയുള്ളവരെ ഒരുകാരണവശാലും തനിയെ ഏറെ നേരത്തേക്ക് വിടരുത്. എപ്പോഴും അവരുടെ മേൽ കണ്ണ് വേണം. കാരണം ഏത് നിമിഷം വേണമെങ്കിലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം അവർ നഷ്ടപ്പെട്ട് പോയേക്കാം. 
  6. ആത്മഹത്യാപ്രവണതയുള്ളവർക്ക് മരണത്തിലേക്ക് എത്താനുള്ള അനുകൂലസാഹചര്യങ്ങളുണ്ടാകരുത്. പ്രിയപ്പെട്ടവർ കൂടെയുണ്ടാകണം എന്നതുപോലെ തന്നെ, ജീവനൊടുക്കാൻ സഹായിക്കുംവിധത്തിലുള്ള ഉപകരണങ്ങൾ, മരുന്നുകൾ മറ്റ് സംവിധാനങ്ങൾ ഒന്നും അയാൾക്കരികിൽ ഉണ്ടായിക്കൂട. ഇക്കാര്യങ്ങളും എപ്പോഴും ഉറപ്പുവരുത്തുക. 

Hot Topics

Related Articles