മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. താരങ്ങളുടെ പരിക്കുകള്‍ കാരണം ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത് വൈകും.ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അടുത്ത മാസം നാലോടെ ശ്രീലങ്കയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഗാലെയില്‍ നാല് ദിവസത്തെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ പ്രധാന താരങ്ങളുടെ പരിക്കുകള്‍ ടീം മാനേജ്മെന്റിന് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹം റിഹാബിലിറ്റേഷന് വിധേയനാകും. രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ആശ്രയിച്ചായിരിക്കും. ജൂലൈ 30 വരെ വിശ്രമത്തില്‍ തുടരുന്ന ജസ്പ്രീത് ബുംറ, തുടര്‍ന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യും. പുതിയ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമേ പരമ്പരയിലെ അദ്ദേഹത്തിന്റെ ലഭ്യത വ്യക്തമാകൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കില്‍ നിന്ന് മുക്തനായിവരുന്ന യുവ ബാറ്റ്‌സ്മാന്‍ സായി സുദര്‍ശന് ഇതുവരെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനമെടുക്കും. ഹര്‍ഷിത് റാണയെ സെലക്ഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരമ്പരയുടെ ആദ്യ ഘട്ടം നഷ്ടമാകും.
ശ്രീലങ്കന്‍ പിച്ചുകളില്‍ ഇന്ത്യക്ക് നിര്‍ണായകമായേക്കാവുന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെയും ജസ്പ്രീത് ബുംറയുടെയും അസാന്നിധ്യം ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. അടുത്ത ദിവസങ്ങളില്‍ വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും സെലക്ടര്‍മാര്‍ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.


