ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ഓപ്പണര്‍ അഭിഷേക് ശര്‍മ അസുഖബാധിതനായി ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്നാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തില്‍ അഭിഷേക് കളിച്ചേക്കില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ പകരം മലയാളി താരം സഞ്ജു സാംസണാകും ഇഷാന് കിഷനൊപ്പം ഓപ്പണ്‍ ചെയ്യുക.
ഉദര അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ചില പരിശോധനകള്‍ നടക്കുന്നുണ്ട്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ നമീബിയക്കെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്’ ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് സുഖമില്ലായിരുന്നുവെന്നും, എന്നാല്‍ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് കടുത്ത പനിയും അനുഭവപ്പെട്ടിരുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ പരിശീലന സെഷനിലും ഇടംകൈയ്യന്‍ ഓപ്പണറായ അഭിഷേക് പങ്കെടുത്തില്ല.
അഭിഷേകിന് ഇപ്പോഴും ഉദരസംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. രണ്ടു ദിവസത്തിനകം അദ്ദേഹം സുഖം പ്രാപിക്കുമെന്നും മത്സരത്തിന് ലഭ്യമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ടീം അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷേറ്റ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് പുറത്തായിരുന്നു. ഇന്ത്യ ബൗള്‍ ചെയ്ത സമയത്ത് അദ്ദേഹം ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം സഞ്ജു സാംസണ് ആണ് മുഴുവന്‍ സമയവും ഫീല്‍ഡ് ചെയ്തത്. മത്സരവിജയത്തിന് ശേഷം ടീമുകള്‍ പരസ്പരം ഹസ്തദാനം ചെയ്ത സമയത്തും താരം കളിക്കളത്തില്‍ ഉണ്ടായിരുന്നില്ല.
അതേസമയം, നമീബിയക്കെതിരായ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതായി റയാന് ടെന്‍ ഡോഷേറ്റ് സ്ഥിരീകരിച്ചു. ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസിനെക്കുറിച്ചും അദ്ദേഹം അപ്ഡേറ്റുകള് നല്കി. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുംറ ബൗളിംഗ് പുനരാരംഭിച്ചെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കോച്ച് അറിയിച്ചു. അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെയും ഡോഷേറ്റ് പ്രശംസിച്ചു. കഴിഞ്ഞ കുറച്ചു കാലമായി മോശം ഫോമിലായിരുന്ന താരം നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


