എം സി റോഡിൽ വെമ്പള്ളിയിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു: റോഡിൽ വീണത് അടച്ചിട്ട ഹോട്ടലിന്റെ മേൽക്കൂര

കോട്ടയം : കനത്ത കാറ്റിലും മഴയിലും എം സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു. വെമ്പള്ളി രത്‌നഗിരി പള്ളിക്ക് സമീപം റേഷൻ കട പടിയിൽ ഇന്ന് വൈകിട്ട് 7 മണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആണ് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേക്ക് പതിച്ചത്. മാസങ്ങളോളമായി അടച്ചിട്ടിരുന്ന അന്നപൂർണേശ്വരി എന്ന ഹോട്ടലിന്റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകി റോഡിൽ വീണത്.

Advertisements

ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേൽക്കൂര കമ്പികൾ സഹിതം റോഡിലേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ ഹോട്ടൽ മാസങ്ങളോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടമുണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനാ സംഘവും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽക്കൂര ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും നീക്കി. പ്രദേശത്തെ വൈദ്യുതി വിതരണത്തെയും അപകടം ബാധിച്ചിട്ടുണ്ട്. മേൽക്കൂര വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി ലൈനുകൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. ഇതോടെ വെമ്പള്ളിയും പരിസരവും ഇരുട്ടിൽ ആയതായി നാട്ടുകാർ പറഞ്ഞു.

Hot Topics

Related Articles