സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. 17 വയസ്സ് പ്രായമുള്ള ലിയു എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. 168 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്ലിഫ് സ്വിംഗിലായിരുന്നു അപകടം. പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളുന്നതിന് മുൻപ്, തന്‍റെ സുരക്ഷാ കയർ ശരിയായി മുറുക്കിയിട്ടില്ലെന്ന് അവള്‍ ആവർത്തിച്ച് വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നു. എന്നാല്‍, ജീവനക്കാർ ഇത് ഗൗനിക്കാതെ അവളെ തള്ളിവിടുന്നതും വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുകളിലുണ്ടായിരുന്ന സുരക്ഷാ ലോക്ക് അഴിയുകയും പെണ്‍കുട്ടി അഗാധമായ താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

