സിസിടിവി ക്യാമറയെ പിൻതുടർന്ന് വെസ്റ്റ് പൊലീസ് എത്തിയത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ; നാഗമ്പടം പനയക്കഴിപ്പിൽ മാടക്കടയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രം വെസ്റ്റ് പൊലീസിന് 

കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയിൽ വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ്. ദിവസങ്ങളോളം കോട്ടയം മുതൽ എറണാകുളം വരെയുള്ള വിവിധ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് വെസ്റ്റ് പൊലീസ് സംഘം പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ ചിത്രം കണ്ടെത്തിയത്.  

Advertisements

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടിൽ രത്‌നമ്മയെ (63) ആക്രമിച്ച് പ്രതി മാല കവർന്നത്. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്‌നമ്മ. ഉച്ചയ്ക്ക് ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിൽക്കിടന്ന മാലയുമായി പ്രതി രക്ഷപെടുകയായിരുന്നു. സംഭവത്തിന് ശേഷം കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെരിപ്പില്ലാതെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അതിവേഗം രക്ഷപെടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഗമ്പടത്തെ രണ്ടാം നമ്പർ ടിക്കറ്റ് കൌണ്ടറിൽ നിന്നാണ് ഇയാൾ രക്ഷപെടുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ പതിഞ്ഞത്. തുടർന്ന്, പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇതേ യുവാവ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതായും കണ്ടെത്തി. തുടർന്ന്, ഇയാൾ സമീപത്തെ കടയിൽ കയറി ചെരുപ്പ് വാങ്ങുന്നതായും പൊലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യുവാവാണ് കേസിലെ പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ് സംഘം. ഇയാളുടെ ചിത്രങ്ങൾ സഹിതം പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

Hot Topics

Related Articles