കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്റെ മിന്നൽ പരിശോധന. നഗരത്തിൽ ലോഗോസ് ജംഗ്ഷനു സമീപം ഡിസി ബുക്ക്സിനരികിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 17 ഗ്രാം എം.ഡി.എം.എയുമായി ആറു പേരെ പിടികൂടിയത്. എല്ലാവരും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളുമാണ്. കാരാപ്പുഴ സ്വദേശിയും മയക്കുമരുന്ന് മോഷണം പിടിച്ചുപറി കേസുകളിൽ പ്രതിയുമായ ബാദുഷാ ഷാഹിൽ (29), നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇർഫാൻ, ഷൈൻ ഷാജി, അഖിൽ ഷിബു, ഏബൽ ജോൺ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി കഞ്ചാവ് ലഹരി മയക്കുമരുന്ന് പിടിച്ചുപറി കേസുകളിൽ പ്രതിയായ ബാദുഷാ നഗരത്തിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പൊലീസ് സംഘം ഇയാളുടെ ഇടപാടുകൾ എല്ലാം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് കോട്ടയം നഗരത്തിൽ ലോഗോസ് ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ചു മാഫിയ സംഘം തമ്പടിച്ചതായി വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കോട്ടയം ഡിവൈഎസ്.പി കെ.എസ് അരുൺ, നർക്കോട്ടിക് സെൽ ഡിവൈഎസ്.പി എ.ജെ തോമസ് എന്നിവരുടെ നിർദേശാനുസരണം പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് 17 ഗ്രാം എം.ഡി.എ.ഐയും ലബരി മരുന്നു കണ്ടെത്തിയത്. ഇവർ എല്ലാം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണ്. കൊലപാതകവും മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് വിൽപ്പനയും ബോംബേറും അടക്കമുള്ള കേസുകളിൽ ഇവർ എല്ലാം പ്രതികളാണ്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേ്സെടുത്തിട്ടുണ്ട്.


