കടുത്തുരുത്തി: നാളുകളായി ശോച്യാവസ്ഥയിൽ കിടക്കുന്ന കടുത്തുരുത്തി – ആപ്പുഴ തീരദേശ റോഡ് റീ-ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നടപ്പാക്കുന്ന റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തീരദേശ റോഡിന്റെ വികസനം നടപ്പാക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളിൽ മണ്ണിട്ട് ഉയർത്തിയ ശേഷമാണ് ടാറിംഗ് ജോലികൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പി.ഡബ്ല്യു.ഡി കടുത്തുരുത്തി സബ് ഡിവിഷന് കീഴിൽ റോഡ് നിർമ്മാണ പ്രവൃത്തി ടെൻഡർ ചെയ്ത് എഗ്രിമെന്റ് വെച്ചതിന്റെ അടിസ്ഥാനത്തിൽ, നിർമ്മാണ ജോലികൾ ഉടനെ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി ഗ്രാമപഞ്ചായത്തും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ഇതേ റോഡിൽ ഫണ്ട് അനുവദിച്ചിട്ടുള്ള ഭാഗങ്ങൾ ഒഴിവാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്.


