കോട്ടയം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കുളമ്പ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ. കേരളത്തിലെ അതിർത്തികളിൽ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ കാലികൾക്ക് രോഗമില്ലെന്ന് ഉറപ്പാക്കുന്ന പരിശോധന നടത്തണമെന്നാവശ്യപ്പെട്ടാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ സലിം പരാതി നൽകിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലേയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് കാലികൾ എത്തുന്നത്. കേരളത്തിലെ ഒരു ചെക്ക് പോസ്റ്റിലും കാലികളുടെ ആരോഗ്യം സംബന്ധിച്ച് കൃത്യമായ പരിശോധനയില്ല. തമിഴ്നാട്ടിലെ ഇടനിലക്കാർക്ക് പണം നൽകിയാൽ കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ യാതൊരു പരിശോധനയുമില്ലാതെ കടന്നു പോരാൻ സാധിക്കുന്ന സാഹചര്യമുണ്ട്. ഒരു കാലിയ്ക്ക് 80 രൂപ മുതലാണ് കൈക്കൂലിയായി ഇടനിലക്കാർ കൈപ്പറ്റുന്നത്. ഇത്തരത്തിൽ 5000 രൂപ വരെ ഒരു ലോഡിന് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നുണ്ട്. ഇത് വഴി സംസ്ഥാന സർക്കാരിന് ലഭ്യമാകേണ്ട പണമാണ് നഷ്ടമാകുന്നത്. തമിഴ്നാട്ടിൽ പണം നൽകിയില്ലെങ്കിൽ കേരളത്തിൽ കാലിവണ്ടികൾ തടയുകയും ചെയ്യും. ഇത്തരത്തിൽ പണം നൽകാത്ത കാലിവണ്ടികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനെ ഉപയോഗിച്ച് പിടിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
കുളമ്പുരോഗ വൈറസ് വായുവിലൂടെ 400 കിലോമീറ്റർ വരെ സഞ്ചരിക്കും. ഇത് മനസിലാക്കാതെ കാലികളെ കേരള അതിർത്തിയിൽ തടയുകയും, കാലിച്ചന്തകൾ നിരോധിക്കുകയും ചെയ്യുന്ന പ്രാകൃത നടപടിയാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ കാലികളെ തടഞ്ഞ് പരിശോധന നടത്തി കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. 2013- 14 കാലയളവിൽ ഇത്തരത്തിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കാലികളെ അതിർത്തിയിൽ തടയുന്ന പ്രാകൃതമായ നിലപാടാണ് മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചത്. ഇതിനെതിരെ അന്ന് ഹൈക്കോടതിയെ സമീപിച്ച് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തണമെന്ന ഉത്തരവ് നേടിയെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയത്. അതിർത്തികളിൽ പരിശോധന ശക്തമാക്കണമെന്നും എല്ലാ വളർത്തു മൃഗങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ കേരളമുൾപ്പെടെയുള്ള ദെക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഒക്ടോബർ 24 ന് തന്നെ നിവേദനം നൽകിയിരുന്നു. നിലവിൽ യാതൊരുവിധ പരിശോധനയും കൂടാതെയാണ് കേരളത്തിലേയ്ക്ക് കാലികൾ വരുന്നത്. ഈ സാഹചര്യത്തിൽ കുളമ്പുരോഗം പടരുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 24 ന് തന്നെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയ്ക്കും, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകിയിരിരുന്നതായി അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ സലിം പറഞ്ഞു. കേരളത്തിലേയ്ക്ക് എത്തുന്ന എല്ലാ മൃഗങ്ങൾക്കും പരിശോധന നടത്തി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, നിവേദനത്തിൽ ഒരു നടപടിയും എടുത്തതായി അറിയില്ലെന്നും അസോസിയേഷൻ നേതാക്കൾ പറയുന്നു.


