കോട്ടയം: കറുകച്ചാലിൽ വ്യാജ ഒപ്പിട്ട് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസ് ഒത്തു തീർക്കാപ്പാൻ പൊലീസ് നടത്തിയ ശ്രമം പുറത്ത്. കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒയാണ് പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാജ ഒപ്പിട്ട് ചിട്ടി പണം തട്ടിയെടുത്തു എന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനു പകരം കേസ് ഒത്തു തീർപ്പിക്കാനാണ് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ ശ്രമിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പി.ആർ.ഒയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിരിക്കുകയാണ് പരാതിക്കാരി. സ്റ്റേഷനിൽ പരാതിക്കാരിയോടൊപ്പം എത്തിയ അധ്യാപികയോട് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന മറ്റൊരു പരാതിയും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് നൽകിയിട്ടുണ്ട്.
കറുകച്ചാൽ നെടുങ്കുന്നം ഇലന്തുശേരി വീട്ടിൽ ആശ വി.ദേവാണ് തന്റെ വ്യാജ ഒപ്പിട്ട് കറുകച്ചാൽ അർബൻ സൊസൈറ്റിയിൽ നിന്നും എട്ടോളം ചിട്ടി തട്ടിയെടുത്തതായി പരാതി നൽകിയിരിക്കുന്നത്. കറുകച്ചാൽ ചെനപ്പറമ്പിൽ വീട്ടിൽ സിന്ധുഷാജിയ്ക്ക് എതിരെയാണ് ഇവരുടെ പരാതി.
2021 ലാണ് അർബൻ സൊസൈറ്റിയിൽ ആശ വി.ദേവ് ചിട്ടി ചേരുന്നത്. രണ്ട് ചിട്ടിയാണ് ചേർന്നതെന്ന് ആശ പറയുന്നു. ഒരു ചിട്ടിയിൽ ജാമ്യം നിന്നിരുന്നത് സിദ്ധുവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ നിന്നും ആശയെ വിളിച്ച ശേഷം സിന്ധുവിന് ജാമ്യം നിന്ന എട്ടോളം ചിട്ടികളിൽ കുടിശിക ആയതായി അറിയിച്ചു. ഈ തുക അടച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്കു പോകുമെന്നും സൊസൈറ്റി അധികൃതർ ആശയോട് പറഞ്ഞു. ഇതേ തുടർന്ന് ആശ സൊസൈറ്റിയിൽ എത്തി നടത്തിയ പരിശോധനയിലാണ് തന്റെ പേരിൽ എട്ട് ചിട്ടി ജാമ്യം നിന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ഇവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഘം ഒത്തു തീർപ്പാക്കാനാണ് ശ്രമിച്ചതെന്നാണ് പരാതി ഉയരുന്നത്. വ്യാജ രേഖ ചമച്ച് പണം തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് പ്രാഥമിക അന്വേഷണം പോലും നടത്താതെ രണ്ട് കൂട്ടരെയും വിളിച്ചു വരുത്തി ഒത്തു തീർപ്പാക്കാൻ കറുകച്ചാൽ പൊലീസ് ശ്രമിച്ചെതന്നാണ് പരാതി. സംഭവത്തിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ജാഗ്രത ന്യൂസ് ലൈവ് സംഘം ബന്ധപ്പെട്ടപ്പോൾ സംഭവത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, ഇതുവരെയും സൊസൈറ്റി പരാതി നൽകാൻ തയ്യാറായിട്ടില്ല. സൊസൈറ്റിയിലെ ജീവനക്കാരുടെ സഹായത്തോടെ മാത്രമേ ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ സാധിക്കു. തട്ടിപ്പാണ് എന്ന് കൃത്യമായി വ്യക്തമായിട്ട് പോലും ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ സൊസൈറ്റിയുടെ അഡ്‌ഹോക്ക് കമ്മിറ്റി പോലും തയ്യാറായിട്ടില്ല. സിപിഎം ഭരിക്കുന്ന സൊസൈറ്റി കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.


