കോട്ടയം: ആലപ്പുഴ – കോട്ടയം ജലഗതാഗത പാതയിൽ പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയാണ് പാലം വീണ്ടും പണിമുടക്കിയത്. ഇതോടെ ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും നാട്ടുകാരും ജീവനക്കാരും അടക്കമുള്ള യാത്രക്കാരുമായി എത്തുകയായിരുന്നു ബോട്ട്. ഈ സമയത്താണ് പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം വൈദ്യുതി തടസത്തെ തുടർന്ന് പൊങ്ങാതെ വന്നത്. ഇതോടെ ബോട്ട് പാലത്തിൻ്റെ അക്കരയിൽ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി.
വിവിധ സർക്കാർ ഓഫിസുകളിൽ അടക്കം എത്തേണ്ട യാത്രക്കാരാണ് ബോട്ടിലുള്ളത്. ഇവരെയെല്ലാം ഈ പാലത്തിൻ്റെ പണിമുടക്കം സാരമായി ബാധിച്ചിട്ടുണ്ട്. മുൻപും സമാന രീതിയിൽ പാലം പണിമുടക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇത്തരത്തിൽ പാലം പണിമുടക്കിയതിനെ തുടർന്ന് നേരത്തെ പല തവണ യാത്രക്കാർ കോട്ടയം നഗരസഭ അധികൃതർക്ക് അടക്കം പരാതി നൽകിയിരുന്നു. എന്നാൽ , ഇലക്ട്രിക് പാലം മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊള്ളാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.


