കുറവിലങ്ങാട് : നാടിന്റെ കാർഷിക സംസ്‌കാരത്തെ സജീവമാക്കാൻ നടപടികളുമായി പിതൃവേദി യൂണിറ്റ്. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക പിതൃവേദി യൂണിറ്റാണ് കുടുംബങ്ങളെ കാർഷികസംസ്‌കാരത്തിന്റെ സമൃദ്ധിയിലേക്ക് തിരികെ നടത്തുന്നത്. താൽപര്യമുള്ള കുടുംബങ്ങൾക്കെല്ലാം നടുതല ഇനങ്ങളുടേയും കിഴങ്ങ് വർഗ്ഗങ്ങളുടേയും വിത്തിനങ്ങൾ സമ്മാനിച്ചാണ് പദ്ധതി ആരംഭിച്ചത്.
ചേമ്പ് , ചേന, കാച്ചിൽ, കിഴങ്ങ് എന്നിവയുടെ വിത്തിനങ്ങളാണ് നൽകിയത്. മികച്ച സമ്മിശ്രകർഷകനെ ആദരിക്കാനും പദ്ധതിയുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി നിർവഹിച്ചു. കെ.വി ജോൺ കാരാവേലിൽ, ഡോ. സാജു ജോസഫ് എന്നിവർ വിത്തിനങ്ങൾ ഏറ്റുവാങ്ങി.പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. എകെസിസി പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, ഇടവക കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നീധീരി, പിതൃവേദി രൂപത ട്രഷറർ ജോർജ് ടിക്‌സൺ, ഭാരവാഹികളായ ഷാജി പാറപ്പുറത്ത്, ജോസ് സി. മണക്കാട്ട്, ജോബിഷ് പട്ടരുമഠം, ബിജു കൊട്ടാരത്തിൽ, ജോസ് പട്ടരുമഠം, ജോണി പുളിക്കേക്കര എന്നിവർ പ്രസംഗിച്ചു.


