ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ലക്നൗ പേസർ ആകാശ് സിംഗിന്‍റെ ‘ചീട്ട് സെലിബ്രേഷനെ’ (കടലാസ് ഉയര്‍ത്തിക്കാട്ടിയുള്ള ആഘോഷം) രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങളായ അംബാട്ടി റായുഡുവും ഡെയ്‌ല്‍ സ്റ്റെയ്നും.ചെന്നൈ നായകന്‍ റുതുരാജിനെയും സഞ്ജു സാംസണെയും പുറത്താക്കിയശേഷം ആകാശ് സിംഗ് പോക്കറ്റില്‍ നിന്ന് ചെറിയൊരു കടലാസ് തുണ്ടെടുത്ത് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ചാണ് ആഘോഷിച്ചത്. ബിസിസിഐ ഇത്തരം ‘ചീട്ട് കീറിയുള്ള പരിപാടികള്‍’ ഉടൻ നിരോധിക്കണമെന്നും ക്രിക്‌ഇൻഫോയുടെ ‘ടൈംഔട്ട്’ ഷോയില്‍ റായുഡു പറഞ്ഞു.
ചെന്നൈക്കെതിരായ മത്സരത്തില്‍ 26 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി ആകാശ് സിംഗ് തിളങ്ങിയിരുന്നു. ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും താരം പോക്കറ്റില്‍ നിന്നും കുറിപ്പ് പുറത്തെടുക്കുകയായിരുന്നു. ‘ഒരു ടി20 മത്സരത്തില്‍ എങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തണമെന്ന് ആകാശിന് നന്നായറിയാം’ എന്നായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറി നേടിയശേഷം ചെന്നൈ താരം ഊർവില്‍ പട്ടേലും മുംബൈ സ്പിന്നര്‍ രഘു ശർമ്മയും സമാനമായ രീതിയില്‍ കുറിപ്പുകള്‍ കാണിച്ച് ആഘോഷിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പുതിയ ട്രെൻഡിനോട് തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് മുൻ സിഎസ്‌കെ താരം കൂടിയായ അംബാട്ടി റായുഡു പറഞ്ഞു. “ഈ ചീട്ട് ബിസിനസ്സ് ബിസിസിഐ നിരോധിക്കണം. ഇത് വെറും വിവരക്കേടാണ്. കളിയിലേക്ക് ഇത്തരം കടലാസുകള്‍ കൊണ്ടുവരാൻ താരങ്ങള്‍ക്ക് അനുവാദമുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ‘ഇന്ന് ഞാൻ ടിവിക്ക് മുന്നില്‍ ഇതുകൂടി കാണിച്ചാല്‍ ആളുകള്‍ എന്നെ മാസ്സ് ആയി കരുതും’ എന്ന് ഏത് നിമിഷത്തിലാണ് അവന് തോന്നിയത് എന്ന് എനിക്കറിയണം. ഇത് നല്ലൊരു ആശയമാണെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച കൂട്ടുകാർ ആരാണെന്നും അറിയണം. ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് വെറും അസംബന്ധമാണ്- റായുഡു തുറന്നടിച്ചു.
മുൻ ന്യൂസിലൻഡ് പേസർ മിച്ചല്‍ മക്ക്ലനാഗനും ഈ പുതിയ ആഘോഷരീതിയെ വിമർശിച്ചു.പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തുന്നു. ആളുകള്‍ നിങ്ങളുടെ പേര് പോലും പഠിച്ചു വരുന്നതേയുള്ളൂ. അതിനിടയിലാണ് ആദ്യത്തെ നല്ലൊരു പ്രകടനത്തിന് പിന്നാലെ ഇങ്ങനെയുള്ള നാടകീയമായ ആഘോഷങ്ങള്‍ കാണിക്കുന്നത്. കളിയിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് മക്ക്ലനാഗൻ പറഞ്ഞു.


