ന്യൂഡൽഹി: വി ഡി സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വീണ്ടും രംഗത്ത്. ആർഎസ്എസ് പ്രസ്ഥാനത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കർക്ക് ഭാരതരത്ന നൽകുന്നത് പുരസ്കാരത്തിന്റെ തന്നെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നും, ഈ ബഹുമതി ലഭിച്ചില്ലെങ്കിൽ പോലും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഭാഗവത് വ്യക്തമാക്കി.
പുരസ്കാരം നൽകുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ പുരസ്കാര സമിതിയിൽ അംഗമല്ലെന്നും എന്നാൽ സമിതിയിലുള്ള ആരെയെങ്കിലും കണ്ടാൽ ഇക്കാര്യം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സവർക്കർക്ക് ഭാരതരത്ന നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക നടപടികളൊന്നും ഉണ്ടായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം ഉയർന്നുവന്നത്. പിന്നീട് 2015ൽ ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിക്ക് ഇതേ ആവശ്യമുന്നയിച്ച് കത്തെഴുതിയിരുന്നു.
എതിർപ്പുമായി കോൺഗ്രസ്
അതേസമയം, സവർക്കർക്ക് പുരസ്കാരം നൽകുന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തു. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് കാരണമായ ഇരുരാജ്യ സിദ്ധാന്തം കൊണ്ടുവന്നതല്ലാതെ സവർക്കർക്ക് മറ്റെന്ത് നേട്ടമാണുള്ളതെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചു. സവർക്കറുടെ തീവ്ര ഹിന്ദുത്വ നിലപാടുകൾ ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ അദ്ദേഹത്തെ ബോധപൂർവ്വം അവഗണിച്ചിരുന്നുവെന്നും അത് തിരുത്തേണ്ട സമയമായെന്നുമാണ് ആർഎസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാട്. ഈ പ്രസ്താവനയോടെ സവർക്കർ വിഷയം വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്.


