കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സംഘർഷം: യൂണിയൻ തെരഞ്ഞെടുപ്പ് നിലച്ചു; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം :യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെത്തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ നിന്ന് ഒഴിഞ്ഞ് താമസിക്കണമെന്നും അധികൃതർ അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി എടുത്തതെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ വ്യക്തമാക്കി.വെള്ളിയാഴ്ച വൈകുന്നേരം ഇ.എം.എസ് സെമിനാർ കോംപ്ലക്സിലായിരുന്നു സംഘർഷം ഉണ്ടായത്.

Advertisements

വോട്ടെണ്ണൽ കേന്ദ്രത്തിനകത്തും പുറത്തും നടന്ന അക്രമത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യു.ഡി.എസ്.എഫ് ആവശ്യം തർക്കത്തിന് കാരണമായി. വാക്ക് തർക്കം പിന്നീട് കൂട്ടക്കളത്തിലേക്ക് നീങ്ങി.സംഘർഷത്തിനിടെ 45ലധികം ബാലറ്റ് പേപ്പറുകൾ കീറിയും ചവിട്ടിയുമാണ് നശിപ്പിച്ചത്. സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്ന് വൈസ് ചാൻസലർ വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവെക്കാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘർഷം രൂക്ഷമായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി. സെമിനാർ കോംപ്ലക്സിന്റെ വാതിലുകളും ചില്ലുകളും തകർന്നു. ലാത്തിയേറ്റ യു.ഡി.എസ്.എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ടി.പി. അഷ്താഫും യു.ഡി.എസ്.എഫ് പ്രതിനിധി പി.കെ. മുബഷീറും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ ബാലറ്റ് പേപ്പറുകൾ തട്ടിപ്പറിച്ചുവെന്ന ആരോപണം ഉയർന്നു. ഇത് തടയാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതായും വിവരങ്ങളുണ്ട്.സംഘർഷത്തിനിടെ യു.ഡി.എസ്.എഫ് പ്രവർത്തകർ കല്ലെറിഞ്ഞതോടെ എസ്.എഫ്.ഐ അംഗങ്ങൾക്കും പരിക്കേറ്റു.

കല്ലേറിൽ സെമിനാർ കോംപ്ലക്സിന്റെ ചില്ലുകൾ വ്യാപകമായി തകർന്നു.വോട്ടെണ്ണൽ പുനരാരംഭിക്കാനുള്ള തർക്കം വോട്ടെണ്ണൽ തുടരണമെന്ന ആവശ്യം മുന്നോട്ട് വച്ച് എസ്.എഫ്.ഐ നേതാക്കൾ നിലപാട് പ്രഖ്യാപിച്ചെങ്കിലും, പോളിങ് ഏജന്റുമാരില്ലാതെ എണ്ണൽ നടത്താനാകില്ലെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. മതിയായ സുരക്ഷയും ഔദ്യോഗിക അറിയിപ്പും ഇല്ലാതെ വോട്ടെണ്ണൽ നടത്താനാവില്ലെന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

എസ്.എഫ്.ഐ സ്ഥാനാർഥികൾ മുന്നൂറിലധികം വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്ന ഘട്ടത്തിലായിരുന്നു സംഘർഷമുണ്ടായതെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഫലം അട്ടിമറിക്കാൻ ശ്രമിച്ച യു.ഡി.എസ്.എഫ് പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചെന്നായിരുന്നു എസ്.എഫ്.ഐയുടെ ആരോപണം.

Hot Topics

Related Articles