പാലാ സെന്റ് തോമസ് കോളേജിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു; നെഹ്‌റുവിൽ നിന്ന് മുർമുവിലേക്ക് ഓർമ്മകളുടെ സൗരഭ്യം പകരുന്ന സന്ദർശനം ഒക്ടോബർ 23ന്

പാലാ: അരുണാപുരം കുന്നിൻ മുകളിൽ അഭിമാനപൂരിതമായി നിലകൊള്ളുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് ചരിത്രത്തിന്റെ മറ്റൊരു അഭിമാനദിനത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 23-ന് എത്തും.

Advertisements

ചരിത്രത്തിന്റെ പടവുകൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1953-54 അധ്യയനവർഷത്തിൽ തന്നെ കോളേജിന് ഭാഗ്യമുണ്ടായിരുന്നു, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ആഭ്യന്തരമന്ത്രി കെ.എൻ. കട്ജു, എം.പി എസ്.കെ. പാട്ടീൽ, മുഖ്യമന്ത്രി എ.ജെ. ജോൺ, തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ, വത്തിക്കാൻ പ്രതിനിധി റവ. മാർട്ടിൻ ലൂക്കാസ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി കർദ്ദിനാൾ ടിസറന്റ് എന്നിവരാണ് അന്ന് കോളേജിലെത്തിയത്. എ ബ്ലോക്കിന്റെ മുകളിലെനിന്ന് ജവഹർലാൽ നെഹ്‌റു വിദ്യാർത്ഥികളോട് അഭിസംബോധന നടത്തിയ ദിനം ഇന്നും പൂർവ്വവിദ്യാർത്ഥികൾ ഓർക്കുന്നു.1976-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സിൽവർ ജൂബിലി സന്ദർശനത്തോടനുബന്ധിച്ച് ഹെലിപാഡ് തയ്യാറാക്കിയത് അതേ സ്ഥലത്ത് തന്നെയാണ്. ആ പ്രദേശം പിന്നീടും “ഹെലിപാഡ്” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് നിർമ്മിച്ച പ്രസംഗവേദി ഇന്നും ക്യാമ്പസിൽ നിലനിൽക്കുന്നു.1961-62-ൽ കോളേജ് ഡേ ഉദ്ഘാടനം ചെയ്തതും പിന്നീട് രാഷ്ട്രപതിയായ വി.വി. ഗിരി ആയിരുന്നു.

കലയുടെ നൊമ്പരങ്ങളും സംഗീതത്തിന്റെ ഓർമ്മകളും

1967-ൽ കോളേജ് അങ്കണത്തിൽ നടന്ന കലാമേള പാലായിലെ കലാസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. അൽഫോൻസാ കോളേജിനൊപ്പം സംഘടിപ്പിച്ച ആ വേദിയിൽ മുഹമ്മദ് റാഫി, കെ.ജെ. യേശുദാസ്, എസ്. ജാനകി, ഹേമലത, പി.ബി. ശ്രീനിവാസൻ തുടങ്ങിയ സംഗീത മാമാങ്ക താരങ്ങൾ പങ്കെടുത്തു. സത്യൻ, പ്രേം നസീർ തുടങ്ങി മലയാള സിനിമയുടെ അത്യുജ്ജ്വല താരനിരയും ഉദ്ഘാടകരായി എത്തി.

വിജ്ഞാനത്തിൻ്റെയും അഭിമാനത്തിൻ്റെയും വഴികൾ

പാലാ സെന്റ് തോമസ് കോളേജിന്റെ പൂർവ്വവിദ്യാർത്ഥിയും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമായ കെ.ജി. ബാലകൃഷ്ണൻ 2010-ൽ ഡയമണ്ട് ജൂബിലി ഉദ്ഘാടനം ചെയ്തു.2012-ൽ കോളേജിന്റെ 62-മത് സ്ഥാപകദിനത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം എത്തിയത് ചരിത്രമായി. വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച അദ്ദേഹം എ ബ്ലോക്കിന്റെ പിന്നിലായി ഒരു ഇലഞ്ഞി തൈ നട്ട ശേഷം മടങ്ങുകയായിരുന്നു. അതേ മരത്തിനെ ഇപ്പോഴും കോളേജ് അതിയായ ആദരവോടെ പരിപാലിക്കുന്നു.തുടർന്ന്, പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേശക സമിതി ചെയർമാനായ ഡോ. സി.എൻ.ആർ. റാവു, നൊബേൽ ജേതാക്കളായ പ്രൊഫ. അദാ ഇ. യോനാഥ്, പ്രൊഫ. ക്ലോസ് വോൺ ക്ലിറ്റ്സിങ്ങ്, ആസാം സമര നായിക ഇറോം ശർമ്മിള, 2025-ൽ സ്കോട്ടിഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ തുടങ്ങിയവർ ക്യാമ്പസിലെ വിശിഷ്ടാതിഥികളായി എത്തി.

പുതിയ അദ്ധ്യായത്തിന് മുന്നോടിയായി

അഭിമാനകരമായ ഏഴര ദശാബ്ദങ്ങളുടെ പാത പിന്നിട്ട പാലാ സെന്റ് തോമസ് കോളേജ്, ഇപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ, പഴയ തലമുറയുടെ ഹൃദയങ്ങളിൽ ആ ഓർമ്മകളുടെ സുഗന്ധം വീണ്ടും പടരുന്നു.ചരിത്രവും സ്മരണകളും ചേർത്ത് ഒരു പുതിയ അദ്ധ്യായം തുടങ്ങാൻ കോളേജ് തയ്യാറെടുക്കുകയാണ്.

Hot Topics

Related Articles