നറുക്കെടുപ്പും പാർട്ടി മാറലും;എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക്;തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മധ്യകേരളം ചൂടുപിടിക്കുന്നു

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും നാടകീയ സംഭവവികാസങ്ങളും അരങ്ങേറി. പാർട്ടി മാറലുകൾ, പിന്തുണ പിന്‍വലിക്കൽ, നറുക്കെടുപ്പ് എന്നിവ മൂലം നിരവധി പഞ്ചായത്തുകളിലെ ഭരണനിർണയം ആവേശകരമായി.എറണാകുളം ജില്ലയിൽ ട്വന്റി 20യ്ക്ക് തിരിച്ചടിയും നേട്ടവും ഒരുപോലെ നേരിടേണ്ടിവന്നു. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ നഷ്ടമായപ്പോൾ പുതൃക്കയും തിരുവാണിയൂരും പുതുതായി പിടിച്ചെടുത്തു. വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തിയത് ശ്രദ്ധേയമായി. പോത്താനിക്കാട് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽഡിഎഫും, ഞാറക്കൽ പഞ്ചായത്ത് യുഡിഎഫും സ്വന്തമാക്കി.

Advertisements

ആലപ്പുഴ ജില്ലയിൽ നെടുമുടി പഞ്ചായത്തിൽ സിപിഎമ്മിനകത്തെ ഭിന്നത മൂലം അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പാർട്ടി നിർദേശിച്ച പ്രസിഡന്റിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടോടെ എൽഡിഎഫിലെ ഒൻപത് അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കാർത്തികപ്പള്ളി പഞ്ചായത്തിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പ് വേണ്ടിവന്നെങ്കിലും ഭരണം എൽഡിഎഫിന് തന്നെ ലഭിച്ചു.തൃശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10 വർഷമായി ബിജെപി ഭരിച്ചിരുന്ന അവിണിശേരി പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വന്തമാക്കി. വല്ലാട്ട് പഞ്ചായത്തിൽ ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം എൽഡിഎഫിന് ലഭിച്ചു. പാറളം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ ബിജെപിക്കും ലഭിച്ചു.കോട്ടയം ജില്ലയിൽ കുമരകത്ത് ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും 14 അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.ഇടുക്കി ജില്ലയിൽ നറുക്കെടുപ്പിലൂടെ മണക്കാട്, രാജകുമാരി, കൊക്കയാർ പഞ്ചായത്തുകൾ എൽഡിഎഫ് നേടി. പള്ളിവാസൽ പഞ്ചായത്ത് യുഡിഎഫും സ്വന്തമാക്കി.പാർട്ടി നിർദേശങ്ങൾ ലംഘിച്ച നിലപാടുകളും അപ്രതീക്ഷിത പിന്തുണയും നറുക്കെടുപ്പുകളും ചേർന്നതാണ് ഇത്തവണത്തെ മധ്യകേരള തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പുകളെ ഏറെ ശ്രദ്ധേയമാക്കുന്നത്.

Hot Topics

Related Articles