തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നടത്തിയ പ്രചാരണത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ നേട്ടം യുഡിഎഫിന് നേടാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും, യഥാർത്ഥ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അറസ്റ്റിലായവരുടെ പങ്ക് ഇതുവരെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ലാത്തതിനാലാണ് പാർട്ടി നടപടി സ്വീകരിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിലപാടും നടപടിയും എടുക്കുന്ന പാർട്ടിയല്ല സിപിഎം. കുറ്റപത്രം ലഭിച്ചശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാകൂ. നോട്ടക്കുറവ് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ കുറ്റപത്രം വന്നാൽ മാത്രമേ അറിയാനാകൂ. അതിന് ശേഷം കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏതുനിമിഷവും ഏത് കോൺഗ്രസ് നേതാവിനും ബിജെപിയിലേക്കു മാറാനാകുന്ന സാഹചര്യമാണുള്ളതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിലുപോലും ആർഎസ്എസ് അനുകൂലികളുണ്ടെന്നും, മത-വർഗീയ ശക്തികൾക്ക് സ്വീകാര്യത ലഭിക്കുന്ന അപകടകരമായ സാഹചര്യം ഇന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റത്തൂരിലെ കൂറുമാറ്റത്തെ ഉദാഹരണമായി ഉദ്ധരിച്ചായിരുന്നു വിമർശനം.തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പാർട്ടി വിശദമായ ചർച്ചകൾ നടത്തിയതായി എം.വി. ഗോവിന്ദൻ അറിയിച്ചു. കേരളത്തിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 33.60 ശതമാനം വോട്ട് ലഭിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ അത് 39.73 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 66,65,370 വോട്ടുകൾ ലഭിച്ചിരുന്നു. ഇപ്രാവശ്യം അത് 17 ലക്ഷത്തിലധികം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.


