ന്യൂഡൽഹി:ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന ഗുരുതര ആരോപണം ഉയരുന്നു. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് യാത്രക്കാരനായ അങ്കിതിനെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദ്രർ സേജ്‌വാൾ ആക്രമിച്ചത്.ഫ്രിസ്കിങ് ഏരിയയിൽ വച്ചാണ് പൈലറ്റ് തന്നെ ശാരീരികമായി ആക്രമിച്ചതെന്ന് അങ്കിത് പറയുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നോക്കിനിൽക്കുകയായിരുന്നുവെന്നും ആരും ഇടപെട്ടില്ലെന്നുമാണ് അങ്കിതിന്റെ ആരോപണം.“സിഐഎസ്എഫ് പൈലറ്റിനെ തടയേണ്ടതായിരുന്നു. എന്നാൽ അവർ ഒന്നും ചെയ്തില്ല. ആ സമയത്ത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഒരു വനിതാ ഓഫീസറും അവിടെ ഉണ്ടായിരുന്നു. ഒരാൾ എക്സ്-റേ മെഷീൻ കൈകാര്യം ചെയ്യുകയായിരുന്നു, മറ്റൊരാൾ യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. ആരും ഇടപെട്ടില്ല” – അങ്കിത് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പോടെയാണ് വിഷയം വലിയ ചർച്ചയായത്. നാലുമാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്തതിനാൽ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആർഎം ചെക്ക്) ഉപയോഗിക്കാനാണ് നിർദേശം ലഭിച്ചതെന്ന് അങ്കിത് വ്യക്തമാക്കി. എന്നാൽ ആ വരിയിൽ വിമാന ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ അത് ചോദ്യം ചെയ്‌തതാണ് തർക്കത്തിന് കാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ പൈലറ്റ് വീരേന്ദ്രർ സേജ്‌വാൾ ദേഷ്യപ്പെടുകയും, “നിരക്ഷരനാണോ, ജീവനക്കാരുടെ വരിയാണിതെന്ന് എഴുതിയ ബോർഡ് വായിച്ചില്ലേയോ” എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി അങ്കിത് പറയുന്നു. തുടർന്ന് വാക്ക് തർക്കം രൂക്ഷമായതോടെ പൈലറ്റ് തന്നെ ശാരീരികമായി ആക്രമിച്ചെന്നും രക്തത്തിൽ കുളിച്ച നിലയിലായെന്നും അങ്കിത് ആരോപിച്ചു.“പൈലറ്റിന്റെ ഷർട്ടിൽ കാണുന്ന രക്തം എന്റെതുതന്നെയാണ്” എന്ന് രക്തം പുരണ്ട മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അങ്കിത് കുറിച്ചു.സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദ്രർ സേജ്‌വാളിനെ എല്ലാ ചുമതലകളിൽ നിന്നുമാണ് മാറ്റിയത്. അതേസമയം, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലായ്മയെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.


