ഹൈദരാബാദ്: ഉയർന്ന നിക്ഷേപ ലാഭം വാഗ്ദാനം ചെയ്ത് സോഫ്റ്റ്വെയര് എഞ്ചിനീയറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിബത്ല സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പുകാര്‍ എഞ്ചിനീയറുമായി ആദ്യം ബന്ധപ്പെടുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിങിന്റെ പേരില്‍ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേരാന്‍ പ്രേരിപ്പിച്ച പ്രതികള്‍, ഉയർന്ന ലാഭം ലഭ്യമാകുമെന്ന് വിശ്വസിപ്പിക്കുകയും, ആരംഭ തുകയായി 80,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഓണ്‍ലൈന്‍ റേറ്റിംഗ് ടാസ്ക്കുകള് പൂര്‍ത്തിയാക്കുന്നതിന് ഉയർന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്ത പ്രതികള്‍, ഇരയുടെ വിശ്വാസം നേടുന്നതിനായി ആദ്യ ഘട്ടങ്ങളില്‍ ഓരോ ടാസ്ക്കിനും ചെറിയ തുകകള്‍ നല്കി. തുടര്‍ന്ന് വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ, വിവിധ പേയ്മെന്റുകളിലൂടെ എഞ്ചിനീയറില്‍ നിന്ന് ഏകദേശം അരകോടി രൂപ തട്ടിയെടുക്കാനായി.ഒടുവില്‍ തട്ടിപ്പിന്റെ വലയില്‍ പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇര പ്രതികളുമായി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


