തിരുവന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ (58) ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക ഫോൺ സംഭാഷണം പുറത്തുവന്നു. നിക്ഷേപകന്റെ മകളുമായാണ് അനിൽ ആത്മഹത്യക്ക് മുൻപ് നടത്തിയ ഫോൺസംഭാഷണമാണ് പുറത്തുവന്നത്.സംഭാഷണത്തിൽ അനിൽ താൻ നേരിടുന്ന മാനസിക സംഘർഷം വിവരിക്കുന്നു. “ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല. ഞാൻ പകുതിയായി മാറി. വീട്ടിൽ എല്ലാവരും ദുഃഖിതരാണ്” എന്നു അനിൽ പറയുന്നു. നിക്ഷേപകന്റെ മകളോട് പൊലീസിനെ സമീപിക്കണമെന്നും അനിൽ ആവശ്യപ്പെടുന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ അനിലിനെ വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
വലിയശാലയിലെ ജില്ലാ ഫാം ടൂർ സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. സംഘം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം അനിൽ മാസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി.ഓഫിസിൽനിന്ന് ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിൽ അനിൽ എഴുതിയത് ഇങ്ങനെ: “സഹകരണസംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകർക്ക് നൽകണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാൻ എല്ലാരെയും സഹായിച്ചു. എന്നാൽ പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു.”പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


