തിരുവനന്തപുരം:ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ ക്രിസ്‌മസ് അവധി നിഷേധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവനിലെയും ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു.സംഭവം വിവാദമായതിനെ തുടർന്ന് ലോക് ഭവൻ അധികൃതർ നൽകിയ വിശദീകരണവും മന്ത്രി വിമർശിച്ചു. പരിപാടിയിൽ പങ്കെടുക്കൽ ‘ഓപ്‌ഷണൽ’ ആണെന്ന വിശദീകരണം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രധാന ആഘോഷദിനത്തിൽ ജീവനക്കാരെ ഓഫീസിൽ ഹാജരാകാൻ നിർബന്ധിക്കുന്നതുതന്നെ ജനാധിപത്യവിരുദ്ധവും തൊഴിൽ നീതിക്ക് നിരക്കാത്തതുമാണെന്നും മന്ത്രി പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിർദേശം നിലനിൽക്കുമ്പോൾ ‘ഓപ്‌ഷണൽ’ എന്ന വാക്ക് പേരിന് മാത്രമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദേശീയമായി ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവദിനത്തെ ഇത്തരത്തിൽ ഔദ്യോഗിക പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ശബരിമല സ്വർണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിക്കൊടുത്തതെന്ന കാര്യത്തിൽ തനിക്കറിയില്ലെന്ന അടൂർ പ്രകാശിന്റെ നിലപാട് ദുരൂഹമാണെന്നും, ഇക്കാര്യത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി പറയേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു.


