പൊലീസ് പരാതിയുടെ വൈരാഗ്യം;തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിക്ക് 13 വർഷം തടവ് വിധിച്ച് കോടതി

തിരുവനന്തപുരം:പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച പ്രതിക്ക് കോടതി 13 വർഷം കഠിനതടവ് വിധിച്ചു. ചെമ്മരുതി വില്ലേജിലെ മുത്താനദേശത്ത് മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയിൽ ഗിരീഷ് (43) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 13 വർഷം കഠിനതടവിനൊപ്പം 40,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.2011 ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കൾ സ്കൂളിലേക്കു പോകുമ്പോഴും തിരികെ വരുമ്പോഴും പ്രതി അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് പ്രതിക്ക് താക്കീത് നൽകുകയും ചെയ്തു.

Advertisements

ഇതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചത്.കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.11 വയസ്സു മാത്രമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേൽപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചാണ് ശിക്ഷ വിധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർക്കല പൊലീസ് ഇൻസ്പെക്ടറായിരുന്ന വി. സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദും അഭിഭാഷകയായ ബിന്ദു വി.സിയും കോടതിയിൽ ഹാജരായി.

Hot Topics

Related Articles