തിരുവനന്തപുരം:വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ, അവരുടെ പേര് അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കും.നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിൽ ഹാജരാകാൻ കഴിയാത്തവർ, അതിന്റെ കാരണം രേഖാമൂലം വിശദീകരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) നേരിട്ട് അപേക്ഷ നൽകിയാൽ മാത്രമേ അടുത്ത ഹിയറിങ്ങിനുള്ള സമയം അനുവദിക്കൂ. അതും ഒറ്റ അവസരമായി മാത്രം അനുവദിക്കുമെന്നാണ് നിർദേശം.
എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) നൽകിയ മാർഗനിർദേശ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായി നിശ്ചയിച്ച ഹിയറിങ്ങിന് വോട്ടർ ഹാജരാകാതിരിക്കുകയും, ഹാജരാകാൻ കഴിയാത്തതിനുള്ള കാരണം രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്താൽ, കേസ് അവസാനിപ്പിച്ചതായി കണക്കാക്കണം. തുടർന്ന് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.ഈ നിർദേശം മൂലം ജോലി സംബന്ധമായി നാട്ടിലില്ലാത്തവരും, അസുഖം തുടങ്ങിയ കാരണങ്ങളാൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരുമായ നിരവധി പേർ പ്രയാസത്തിലാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തിമ പട്ടികയിൽ നിന്ന് വോട്ടർ പുറത്തായാൽ, പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നൽകിയാലും, 2002ലെ വോട്ടർപട്ടികയുമായി മാപ്പിങ് സാധ്യമാകാത്തതിനാൽ സമാന സാഹചര്യം വീണ്ടും നേരിടേണ്ടി വരും. ഇതോടെ, കരട് പട്ടികയിൽ ഉൾപ്പെട്ട നിരവധി പേർ വോട്ടർപട്ടികയ്ക്ക് പുറത്താകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന വിമർശനവും ഉയരുന്നു.അതേസമയം, ഹിയറിങ്ങിന് ഒരു ദിവസം ഇ.ആർ.ഒ അല്ലെങ്കിൽ എ.ഇ.ആർ.ഒക്ക് പരമാവധി 150 കേസുകൾ മാത്രമേ പരിഗണിക്കാനാവൂ എന്നും നിർദേശമുണ്ട്. ഹിയറിങ്ങ് നടക്കുന്ന സമയത്ത് ബി.എൽ.ഒമാരുടെ സാന്നിധ്യം നിർബന്ധമാണ്.കരട് പട്ടികയിൽ ഉൾപ്പെട്ട് ഹിയറിങ്ങിൽ ഹാജരാകേണ്ടവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.എൽ.ഒമാർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, വോട്ടർമാർക്ക് എപ്പോൾ മുതൽ നോട്ടിസ് നൽകണം എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല.


