ന്യൂസ് ഡെസ്ക്:പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു. മലയാള സിനിമയിൽ ദൃശ്യവിസ്മയങ്ങൾ സൃഷ്ടിച്ച കലാസംവിധായകരിൽ ഒരാളായ ശേഖറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.1982ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് ശേഖർ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായി പ്രവർത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.ശേഖറിനെ മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർക്കുന്നത് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനരംഗത്തിലൂടെയാണ്. ആ ഗാനത്തിലെ കറങ്ങുന്ന മുറി അടക്കമുള്ള നവീന സെറ്റ് ഡിസൈനുകൾ മലയാള സിനിമയിൽ സാങ്കേതിക വിസ്മയങ്ങളായി ഇന്നും നിലകൊള്ളുന്നു.
‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’, ‘ഒന്നുമുതൽ പൂജ്യം വരെ’ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെയും ശേഖർ തന്റെ കലാപാടവം തെളിയിച്ചു. പുതുമയും സൃഷ്ടിപരമായ സമീപനവും കൊണ്ടു മലയാള സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുതുഭാവം നൽകാൻ അദ്ദേഹത്തിനായി.കലാസംവിധാന രംഗത്ത് അവിസ്മരണീയ സംഭാവനകൾ നൽകിയ കെ. ശേഖറിന്റെ വിയോഗത്തിൽ സിനിമാ ലോകം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.


